ചന്ദ്രന്‍റെ മണ്ണിൽ ചന്ദ്രയാൻ 3 വിജയകരമായി ഇറങ്ങിയതിന് പിന്നാലെ ഉയരുന്ന ചോദ്യമാണ് 14 ദിവസത്തിന് ശേഷം പേടകത്തിന്‍റെ ഭാവി എന്തെന്നുള്ളത്. ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോർജത്തിൽ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവർത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ പരീക്ഷണങ്ങൾ നടത്തുക. ഇതിനായി ലാൻഡറിൽ നാലും റോവറിൽ രണ്ടും ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്.
ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരു ദിവസം പൂർണമായി ഉപയോഗിക്കുന്ന തരത്തിലാണ് ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ് ഐ.എസ്.ആർ.ഒ തയാറാക്കിയത്. ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്ന സമയം കണക്കാക്കിയാണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ ഇന്ത്യൻ സമയം 5.44ന് തുടങ്ങി 6.04ന് പൂർത്തിയാക്കിയത്.
ചന്ദ്രനിലെ കാലാവസ്ഥ പകൽ വളരെ ചൂട് കൂടിയതും രാത്രി കഠിനമായ തണുപ്പുള്ളതുമാണ്. 14 ദിവസം നീണ്ടു നിൽക്കുന്ന പകലിന് ശേഷം ചന്ദ്രനിൽ രാത്രി തുടങ്ങും. ഈ 14 ദിവസം ലാൻഡറും റോവറും പ്രവർത്തന രഹിതമായിരിക്കും. 14 ദിവസത്തിന് ശേഷം സൂര്യപ്രകാശം ലഭിച്ചാൽ തന്നെ കഠിന തണുപ്പിനെ ലാൻഡറിനും റോവറിനും അതിജീവിക്കാൻ സാധ്യത കുറവാണ്.
14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിക്കുമ്പോൾ ലാൻഡറും റോവറും വീണ്ടും പ്രവർത്തന സജ്ജമാകാനുള്ള സാധ്യതയും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ തള്ളികളയുന്നില്ല. സൂര്യപ്രകാശം അടിക്കുന്ന വേളയിൽ ലാൻഡറും റോവറും വീണ്ടും പ്രവർത്തന സജ്ജമായാൽ അത് വലിയ നേട്ടമാകും.
അതേസമയം, ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ലാൻഡറും റോവറും തിരികെ ഭൂമിയിലേക്ക് വരില്ല. 2,148 കിലോഗ്രാം ഭാരമുള്ള ലാൻഡറും 26 കിലോ ഗ്രാം ഭാരമുള്ള റോവറും ചന്ദ്രന്‍റെ മണ്ണിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.