യാംബു: പവിഴപ്പുറ്റുകളിൽനിന്ന് ആരോഗ്യസൗഹൃദമായ ബാക്ടീരിയകൾ ഉൽപാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ കോറൽ പ്രോബയോട്ടിക്സ് വില്ലേജ് സൗദി അറേബ്യയിൽ. ജിദ്ദക്കു സമീപം തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്) യിലാണ് ഈ പവിഴ പ്രോബയോട്ടിക്സ് ഗ്രാമം പ്രവർത്തനം ആരംഭിച്ചത്.
കൗസ്റ്റ് കാമ്പസിൽനിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പവിഴപ്പുറ്റുകളുടെ ഗവേഷണത്തിനും സംരക്ഷണത്തിനുമായി ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. സർവകലാശാലയുടെ ചെങ്കടൽ ഗവേഷണ കേന്ദ്രം (ആർ.എസ്.ആർ.സി) നടപ്പാക്കുന്ന പവിഴ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള നൂതന പദ്ധതിയുടെ ഭാഗമാണിത്.
കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. കൗസ്റ്റ് റിസർച് വിഭാഗം വൈസ് പ്രസിഡന്റ് പ്രഫ. ഡോണൽ ബ്രാഡ്ലി, കൗസ്റ്റ് മറൈൻ സയൻസ് പ്രഫസറും റെഡ്സീ ഡെവലപ്മെന്റ് കമ്പനിയിലെ എൻവയൺമെന്റൽ സറ്റയിനബിലിറ്റി ഓഫിസറുമായ ഡോ. റസ്സി ബ്രൈനാർഡ്, കൗസ്റ്റ് മറൈൻ സയൻസ് അസോസിയേറ്റ് പ്രഫസർ റാക്വൽ പീക് സോട്ടോ തുടങ്ങിയവരും കൗസ്റ്റ് നേതൃത്വത്തിന്റെ പ്രതിനിധികളും ഗവേഷകരും ധാരാളം വിദ്യാർഥികളും പങ്കെടുത്തു.
കൗസ്റ്റിന്റെ കീഴിലുള്ള ഏറ്റവും വലിയ ഗവേഷണത്തിന്റെ മികവുകൂടി പ്രകടമാകുന്നതാണ് പവിഴ പ്രോബയോട്ടിക്സ് വില്ലേജ്. ചെങ്കടലിന്റെ അത്യാകർഷമായ ഭൂഗർഭ ശാസ്ത്ര അറിവുകൾ സമൂഹത്തിന് പകർന്നുനൽകാനും ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും മറ്റു സമുദ്രവിഭവങ്ങളുടെയും ആവാസവ്യവസ്ഥക്ക് പ്രയോജനകരമായ സംഭാവനകൾ നൽകാനും ഈ വില്ലേജ് വഴി സാധിക്കും.
ശാസ്ത്ര സാങ്കേതിക രംഗത്ത് മികവുറ്റവരുടെ മേൽനോട്ടത്തിൽ ഭൗമശാസ്ത്രം, സമുദ്ര പരിസ്ഥിതി, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥക്ക് പ്രയോജനകരമായ മറ്ററിവുകൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റം നടത്താൻ ഈ വില്ലേജ് വഴി കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച പ്രമുഖർ പറഞ്ഞു.
പവിഴപ്പുറ്റുകളുടെ പ്രകൃതിപരമായ വളർച്ചക്കിണങ്ങുന്ന സൂക്ഷ്മാണുക്കൾ പവിഴ പ്രോബയോട്ടിക്സായി ഉപയോഗിക്കുന്ന ആധുനിക ശാസ്ത്രീയ രീതി വികസിപ്പിച്ചാണ് കോറൽ വില്ലേജ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതു പവിഴപ്പുറ്റുകളുടെ വളർച്ചക്കും അവയുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സഹായിക്കും.
പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കൾക്ക് താപസമ്മർദവും രോഗാണുക്കളും മൂലമുണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കാനും പവിഴപ്പുറ്റുകളുടെ മരണത്തെ തടയാനും കഴിയുമെന്ന് ഗവേഷണഫലമായാണ് പവിഴ പ്രോബയോട്ടിക്സ് വില്ലേജ് എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് കൗസ്റ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഗവേഷണപഠനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പവിഴപ്പുറ്റുകളുടെ ഗ്രാമത്തിനായി തിരഞ്ഞെടുത്ത പ്രദേശം. ലോകത്തുതന്നെ ഇത്തരത്തിൽ ഒരു പവിഴ പ്രോബയോട്ടിക്സ് വില്ലേജിന് അനുയോജ്യമായ സ്ഥലം വേറെ കണ്ടെത്താൻ കഴിയില്ല എന്നാണ് കരുതുന്നത്. ആഗോളതലത്തിൽ പവിഴപ്പുറ്റുകളുടെ ശോഷണം രൂക്ഷമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അവ ഏകദേശം 50 ശതമാനം കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനവും സമുദ്രതാപനവുമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും ചെങ്കടൽ പ്രദേശത്ത് പവിഴപ്പുറ്റുകളുടെ വളർച്ച 30 ശതമാനം വർധിപ്പിക്കാൻ പവിഴ പ്രോബയോട്ടിക്സ് വില്ലേജ് വഴി കഴിയുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.