നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കേന്ദ്രസർക്കാർ കൊണ്ടുവന്ന എട്ട് ചീറ്റകളിലൊന്നിന് ഗർഭമുണ്ടെന്ന് വാർത്ത. മധ്യപ്രദേശിലെ കുനാ നാഷണൽ പാർക്കിൽ സെപ്തംബർ 17ന് എത്തിച്ചവയിൽ ആശയെന്ന് പേരുള്ള ചീറ്റക്ക് ഗർഭമുണ്ടെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇക്കാര്യം ശരിയാണെങ്കിൽ ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ പ്രസവിക്കുന്ന ആദ്യ ചീറ്റയായിരിക്കും ആശ.
ചീറ്റാ കൺസർവേഷൻ ഫണ്ട് (സി.സി.എഫ്) പ്രതിനിധി ഡോ. ലൗറി മാർക്കർ ഇക്കാര്യം ചില മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. 'ഇത് സത്യമാണ്, അവൾ ഗർഭിണിയായേക്കും. പക്ഷേ ഉറപ്പുപറയാനായിട്ടില്ല, അങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് സംഭവിച്ചാൽ അവളുടെ ആദ്യ പ്രസവമായിരിക്കും' അവർ പറഞ്ഞു'.
'എന്താണ് സംഭവിക്കുകയെന്ന് കാണാൻ സി.സി.എഫ് അടക്കമുള്ള കുനോയിലെ പ്രൊജക്ട് ചീറ്റാ ടീം കാത്തിരിക്കുകയാണ്. അവൾക്ക് കുഞ്ഞുണ്ടാകുകയാണെങ്കിൽ ഇത് നമീബിയയിൽ നിന്നുള്ള മറ്റൊരു സമ്മാനമായിരിക്കും' അവർ വ്യക്തമാക്കി. ഗർഭിണിയായിരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും പറഞ്ഞു. കാട്ടിൽ നിന്ന് പിടിക്കപ്പെട്ട അവൾക്ക് ഗർഭമുണ്ടെങ്കിൽ നമീബിയയിൽ വെച്ച് സംഭവിച്ചതായിരിക്കാനാണ് ഇടയുള്ളതെന്നും അങ്ങനെയാണെങ്കിൽ അവൾക്ക് സ്വകാര്യത നൽകണമെന്നും ചുറ്റും ആൾക്കൂട്ടമുണ്ടാകരുതെന്നും കൂട്ടിലേക്ക് മാറ്റണമെന്നും അവർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ട്രോളന്മാരുടെ വിളയാട്ടം
ചീറ്റകളിലൊന്നിന് ഗർഭമുണ്ടെന്ന വാർത്ത വന്നതോടെ ട്രോളന്മാർ അതിലെ തമാശ കണ്ടെത്താനായി ഇറങ്ങിയിട്ടുണ്ട്. ചീറ്റയുടെ പേരിൽ നിരവധി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാറുമാണ് ട്രോളന്മാരുടെ പ്രധാന ഇരകൾ. 'ഇത് സംഘ വിജയമെന്നാണ്'സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ട്രോളുകൾ പറയുന്നത്.
വാർത്ത നിഷേധിച്ച് കുനോ അധികൃതർ
എന്നാൽ ചീറ്റക്ക് ഗർഭമുണ്ടെന്ന വാർത്തകൾ കുനോ നാഷണൽ പാർക്ക് ഉദ്യോഗസ്ഥനായ പ്രകാശ് കുമാർ വെർമ നിഷേധിച്ചു. 'ചീറ്റ ഗർഭിണിയാണെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതുവരെ ഗർഭ സംബന്ധമായ പരിശോധനകളൊന്നും നടത്തിയിട്ടില്ല. നമീബിയയിൽ നിന്ന് അത്തരം റിപ്പോർട്ടുകൾ ലഭിച്ചിട്ടുമില്ല. എങ്ങനെയാണ് ഈ വാർത്ത പ്രചരിച്ചതെന്ന് അറിയില്ല' അദ്ദേഹം വ്യക്തമാക്കി. ഗർഭിണിയാണെന്ന് പറയപ്പെടുന്ന ചീറ്റക്ക് പുറമേ ഫ്രെഡ്ഡി, എൽട്ടൺ, ഒബാൻ എന്നീ മൂന്ന് ആൺ ചീറ്റകളും സിയായ, സാഷാ, റ്റിബ്‌ലിസി, സാവന്നാ എന്നീ നാലു പെൺചീറ്റകളുമാണ് കുനോയിലുള്ളത്.
1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണു തൊടുന്നത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്.
നമീബയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച ചീറ്റകൾ ഇണങ്ങിത്തുടങ്ങിയെന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാന പരിപാലകർ. നരേന്ദ്രമോദിയുടെ ജന്മദിവസമായിരുന്നു എട്ടുചീറ്റകളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്. ഇവർക്ക് ഞായറാഴ്ചയാണ് ആദ്യമായി ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങിയത്. ഇന്നലെ വൈകിട്ട് രണ്ടുകിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾക്ക് നൽകിയത്. ഇതിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചതായി പരിപാലകർ അറിയിച്ചു. കഴിക്കാത്തതിൽ അസ്വാഭാവിക ഇല്ലെന്നും അധികൃതർ അറിയിച്ചു. സാധാരണ മൂന്ന് ദിവസത്തിലൊരിക്കലാണ് ചീറ്റകൾ ഭക്ഷണം കഴിക്കാറ്.
നമീബിയയിൽ നിന്നുള്ള 12 മണിക്കൂർ യാത്രയിൽ ചീറ്റകൾ നന്നായി ഉറങ്ങിയിരുന്നു. അതിനാൽ ശനിയാഴ്ച രാത്രി അവർ വളരെ കുറച്ച് മാത്രമേ ഉറങ്ങിയതെന്നും അധികൃതർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ വനാന്തര അന്തരീക്ഷം അവർ ആസ്വദിക്കുന്നുണ്ട്. ഓരോ ശബ്ദവും അവർ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. അവർ പൊതുവെ ശാന്ത സ്വഭാവക്കാരാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.