'അയാളുടെ വളർത്തുപൂച്ച ഇപ്പോഴും അവിടെയുണ്ട്'- മഞ്ഞുമൂടിയൊരു ഖബർസ്ഥാനിൽ ഒരു ഖബറിനരികിലിരിക്കുന്ന പൂച്ചയുടെ ചിത്രവും ഈ കാപ്ഷനും വലിയൊരു ആത്മബന്ധത്തിന്റെ കഥയാണ് നമുക്ക് പറഞ്ഞുതരുന്നത്. ആ പുച്ചയുടെ യജമാനൻ മരിച്ചിട്ട് രണ്ട് മാസമായി. മഞ്ഞായാലും മഴയായാലും വെയിലായാലും അന്നുമുതൽ എല്ലാ ദിവസവും ആ പൂച്ച യജമാനന്റെ ഖബറിനരികിൽ വന്നിരിക്കും.
സെർബിയയിൽ നിന്നാണ് മനുഷ്യനും മൃഗവും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ കരളലിയിക്കുന്ന ഈ ദൃശ്യം. സെർബിയയിലെ പ്രമുഖ മതപണ്ഡിതനും ചീഫ് മുഫ്തിയുമായിരുന്ന ശൈഖ് മുആമർ സുകൊർലിക്കിന്റെ ഖബറിനരികിലാണ് അദ്ദേഹത്തിന്റെ വളർത്തുപൂച്ച നിത്യവും സന്ദർശനത്തിനെത്തുന്നത്. 2021 നവംബർ ആറിനാണ് അദ്ദേഹം മരിച്ചത്. ഖബറടക്കം നടന്നതു മുതൽ പൂച്ച ആ ഖബറിനരികിൽ നിന്ന് മാറാതെ നിൽക്കുന്നുണ്ട്. നവംബർ ഒമ്പതിന് ലാവേഡർ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ അപൂർവ ബന്ധത്തിന്റെ കഥ ലോകം അറിയുന്നത്.
മുആമർ സുകൊർലിക്കിന്റെ ഖബറിനരികിൽ നിൽക്കുന്ന പൂച്ചയുടെ ചിത്രമാണ് അന്ന് പങ്കുവെച്ചത്. ഇപ്പോൾ മഞ്ഞുവീഴ്ച ശക്തമായിട്ടും ഖബറിനരികിൽ നിന്ന് മാറാതെ നിൽക്കുന്ന പൂച്ചയുടെ ചിത്രവും ലാവേഡർ തന്നെയാണ് പുറത്തുവിട്ടത്. അചഞ്ചലമായ ഈ സ്നേഹത്തിന്റെ ചിത്രം ഏറെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ പങ്കുവെച്ചത്. അവസാനശ്വാസം വരെ യജമാനന്റെ തിരിച്ചുവരവ് കാത്തുകിടന്ന ഹാച്ചികോ എന്ന നായയുടെ കഥ പറയുന്ന 'ഹാച്ചി: എ ഡോഗ്സ് ടെയ്ൽ' എന്ന ജപ്പാൻ സിനിമയാണ് പലരും അനുസ്മരിച്ചത്. 'നല്ല മഞ്ഞുവീഴ്ചയാണ്. ആരെങ്കിലും ആ പൂച്ചയെ ദത്തെടുക്കൂ', 'ഇത് വളരെ ഹൃദയഭേദകമാണ്' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
സെർബിയയുടെ ചീഫ് മുഫ്തിയായിരുന്ന ശൈഖ് മുആമർ സുകൊർലിക് ഹൃദയാഘാതം മുലമാണ് മരിച്ചത്. സെർബിയയിലെ മുസ്‍ലിമുകൾക്കിടയിൽ വൻ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം 2016 മുതൽ 2020 വരെ പാർലമെന്റ് അംഗമായിരുന്നു. 2020 ഒക്ടോബർ മുതൽ മരണം വരെ നാഷണൽ അസംബ്ലി ഓഫ് സെർബിയയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.