കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ 97ാം ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള കൗതുകകരമായ ഓർമ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകനായ സനീഷ് എളയിടത്ത്. വി.എസ് എന്ന രണ്ടക്ഷരത്തിൽ ലോകമറിയുന്ന നേതാവിന്‍റെ യഥാർഥ പേര് നമ്മളറിയുന്ന പോലെ 'വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ' എന്നല്ലെന്ന് വി.എസിന്‍റെ സഹോദരി വി.എ. ആഴിക്കുട്ടി തന്നോട് വെളിപ്പെടുത്തിയ കാര്യമാണ് സനീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള, അധികം പേര്‍ക്ക് അറിയാത്തൊരു കാര്യം അദ്ദേഹത്തിന്‍റെ പെങ്ങള്‍ വി.എ. ആഴിക്കുട്ടിയില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
''അണ്ണനെ നിങ്ങളെല്ലാം വേലിക്കകത്ത് അച്യുതാനന്ദന്‍ എന്ന് വിളിക്കുന്നത് ശരിയല്ല''. അവരെന്നോട് സൗമ്യമായി പറഞ്ഞു. ''ഞങ്ങളുടെ അച്ഛന്‍റെ പേര് വെന്തലത്തറ ശങ്കരന്‍ എന്നാണ്, വേലിക്കകത്ത് ശങ്കരന്‍ എന്നല്ല.'' പക്ഷേ, എല്ലാവരും എഴുതുന്നത് അങ്ങനെയാണല്ലോ? വി.എസ്. ഒരിക്കലും തിരുത്തിയത് കണ്ടിട്ടില്ലല്ലോ? വെന്തലത്തറ എന്നാണ് വീട്ട് പേരെങ്കില്‍ വേലിക്കകത്ത് എന്ന് വന്നതെങ്ങനെയാണ്?
അവരുടെ തറവാട്ട് പേര് വെന്തലത്തറ എന്നാണ്. വി.എസ്. പിന്നീട് താമസിച്ച വീടിന്‍റെ പേരാണ് വേലിക്കകത്ത്. പതിനായിരം തവണ പറഞ്ഞും എഴുതിയും വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നായി ആ വലിയ മുഴുവന്‍ പേര്. വി.എസ്സിന് അനേകായിരം വലിയ പണികളുണ്ടല്ലോ, ഇതൊക്കെ തിരുത്തുന്നതെന്തിന് എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. ഇത്രയുമാണ് അവര്‍ പറഞ്ഞതും എനിക്ക് മനസ്സിലായതും. സി.പി.എമ്മും കേരളം തന്നെയും കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ വി.എസ്. മത്സരിക്കുകയും ജയിക്കുകയും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാവുകയും ചെയ്ത ശേഷം സത്യപ്രതിജ്ഞ കൂടെ ഉറപ്പിക്കപ്പെട്ടയന്നാണത്. ഏഷ്യാനെറ്റ് കൊച്ചി ബ്യൂറോയിലാണ്. വി.എസ്സിന്‍റെ പെങ്ങളെ കണ്ട് സ്റ്റോറി ചെയ്യണം എന്ന് നിര്‍ദ്ദേശം. പുന്നപ്രയില്‍ അവരുടെ വീട്ടില്‍ പോയി കാണുന്നു. അവിടത്തെ മുതിര്‍ന്ന ക്യാമറാമാന്‍ രാജേഷ് തകഴി ആണ് കൂടെയെന്നാണ് ഓര്‍മ്മ. വളരെ സാധാരണമായ വീടായിരുന്നു അത്. എന്‍റെ അമ്മയുടെയൊക്കെ പ്രായത്തിലുള്ള, അത് പോലെ സാധാരണക്കാരിയായ അമ്മ. വി.എസ്സിന്‍റെ പെങ്ങള്‍ എന്ന അവരുടെ അസാധാരണത്വം എന്നെ അവര്‍ക്ക് മുന്നില്‍ ആദരവോടെ ചുരുങ്ങിയ ഒരാളായി നിര്‍ത്തിയത് പക്ഷെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അവരാ പറഞ്ഞത് ഞാനന്നത്തെ സ്റ്റോറിയില്‍ ചേര്‍ത്തിരുന്നെന്നാണ് ഓര്‍മ്മ. ഞാനിപ്പോ ഇത് വിചാരിക്കാറുള്ളത്, ഞങ്ങള്‍ മാധ്യമങ്ങളെ കൂടെ ചേര്‍ത്തുള്ള ഒരു കൗതുകം എന്ന നിലയ്ക്കാണ്. '(പാർട്ടിയുടെ) വേലിക്കകത്ത് വി എസ്' എന്ന പ്രയോഗത്തോടുള്ള (അതക്കാലത്ത് പതിവായിരുന്നു) അമിതമായ ആഭിമുഖ്യം കൂടെയാകുമോ വെന്തലത്തറ എന്ന തറവാട്ട് പേരിനെ വിസ്മൃതിയിലാക്കിയിട്ടുണ്ടാവുക എന്ന് ഞാന്‍ വിചാരിക്കാറുണ്ട്. ഞങ്ങള്‍ മാധ്യമങ്ങളുടെ പ്രയോഗാഭിമുഖ്യങ്ങള്‍ ചരിത്രത്തെ തെറ്റായി തിരുത്താനും കാരണമാകുമല്ലോ എന്ന് ചിന്തിക്കുമ്പോളെല്ലാം ഞാന്‍ വി.എസ്സിനെയും പെങ്ങളെയും കൂടെ ഓര്‍ക്കും. വി.എസ്സിന് പിറന്നാളാശംസകള്‍, ഏറ്റവുമാദരവുള്ള നേതാവാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.