ശങ്കു ടി. ദാസ്, സന്ദീപ് വാചസ്പതി

ആര്‍ക്ക് അപകടം പറ്റിയാലും ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാക്കും; ശങ്കു ടി. ദാസിന്റെ വാഹനാപകടത്തിൽ സന്ദീപ് വാചസ്പതി

കോഴിക്കോട്: ബൈക്കപകടത്തിൽ ബി.ജെ.പി നേതാവ് ശങ്കു ടി. ദാസിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളെ കടുത്ത രീതിയിൽ വിമർശിച്ച് പാർട്ടി സംസ്ഥാന വക്താവ്‌ സന്ദീപ് വാചസ്പതി. അപകടത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് തറപ്പിച്ചുപറഞ്ഞ വാചസ്പതി സി.സി.ടി.വി ദൃശ്യങ്ങളടക്കം പോസ്റ്റ് ചെയ്താണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിച്ചത്. ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വ്യാഴാഴ്ച രാത്രി ശങ്കു ടി. ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്നാൽ, ഇതിനുപിന്നാലെ സംഘപരിവാർ അനുകൂലികൾ പലരും അപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപ് വാചസ്പതി രംഗത്തുവന്നത്.

എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നും ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം ആരോപണങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹിക പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് ചിലരുടെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർഥനയും ആത്മവിശ്വാസവുമാണെന്നും സന്ദീപ് വാചസ്പതി കുറിച്ചു. 

Tags:    
News Summary - It is a kind of mental illness to attribute mystery to anything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.