മ്യൂണിക്ക്: ജർമനിയുടെയും ആഴ്സനലിന്റെയും മുന്നേറ്റ നിര താരം കയ് ഹവെർട്സ് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമായിരുന്നു കല്യാണം. പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സോഫിയ വെബറാണ് വധു.
25കാരനായ ഹവെർട്സും സോഫിയയും ഒരേ പ്രദേശത്തുകാരാണ്. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും ഇക്കുറി യൂറോ കപ്പിനുശേഷം വിവാഹിതരാവാൻ നേരത്തേ തീരുമാനിച്ചിരുന്നു. ആതിഥേയരായ ജർമനി യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് തോറ്റ് പുറത്താവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സോഫിയയെ ഇൻസ്റ്റഗ്രാമിൽ അഞ്ചുലക്ഷത്തിലേറെ പേർ പിന്തുടരുന്നുണ്ട്. വിവാഹദിനത്തിലെ ഫോട്ടോകൾ ‘എക്കാലത്തേക്കും’ എന്ന അടിക്കുറിപ്പിൽ സോഫിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമൊക്കെ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. തോമസ് മ്യൂളർ, ഡെക്‍ലാൻ റൈസ്, ടോണി റൂഡിഗർ, ക്രിസ്റ്റ്യൻ പുലിസിച്ച്, അലക്സ് സിൻചെങ്കോ, മാർട്ടിൻ ഒഡെഗാഡ്, മാസൺ മൗണ്ട് തുടങ്ങിയവർ ആശംസ നേർന്നവരിൽപെടും.
കഴിഞ്ഞ സീസണിലാണ് ചെൽസിയിൽനിന്ന് ഹവെർട്സ് ആഴ്സനലിലെത്തിയത്. സീസണിൽ പുതിയ ക്ലബിനുവേണ്ടി 13 ഗോളുകൾ നേടിയ താരം ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.