റോം: ഒളിവിൽ കഴിയുന്നതിനിടെ മുഖം കാണിക്കാതെ പാചക വിഡിയോ തയാറാക്കി യുട്യൂബിലിട്ട മാഫിയ അംഗം അറസ്റ്റിൽ. ഇറ്റാലിയൻ മാഫിയ അംഗമായ മാർക് ഫെറെൻ ക്ലോഡെ ബയാർട്ടാണ് ഡൊമിനിക്കൻ റിപബ്ലികിൽനിന്ന് പിടിയിലാകുന്നത്.
2014 മുതൽ ഇറ്റാലിയൻ അധികൃതരിൽനിന്ന് ഒളിച്ചോടി കരീബിയൻ പ്രദേശമായ ബോക്ക ചിക്കയിൽ ഒളിവിൽ കഴിയുകയായിരുന്നു ബയാർട്ട്. ഇറ്റലിയിലെ പ്രമുഖ മാഫിയ സംഘമായ എൻട്രാൻഗെറ്റയുടെ ഒരു അംഗത്തിനായി നെതർലൻഡിലേക്ക് കൊക്കെയ്ൻ കടത്തിയതിനാണ് ബയാർട്ടിനെതിരെ കേസ്. തുടർന്ന് ഇയാൾ ബോക്ക ചിക്കയിലേക്ക് കടക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം യുട്യൂബിൽ ഇറ്റാലിയൻ പാചക കുറിപ്പുകൾ പങ്കുവെക്കുന്ന ഒരു വിഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മുഖം മറച്ച് ഭാര്യക്കൊപ്പമായിരുന്നു വിഡിയോ. എന്നാൽ വിഡിയോയിൽ ഒരു ടാറ്റൂ കാണാമായിരുന്നു. ടാറ്റൂ തിരിച്ചറിഞ്ഞതോടെ പൊലീസ് ബയാർട്ടാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ബുധനാഴ്ച ഡൊമിനിക് റിപബ്ലികിന്റെ തലസ്ഥാനമായ സാൻഡോ ഡൊമിങ്കോയിൽവെച്ച് ഇയാളെ പൊലീസ് പിടികൂടി. തുടർന്ന് വടക്കൻ ഇറ്റലിയിലെ മിലൻസ് മാൽപെൻസ വിമാനത്താവളത്തിലെത്തിച്ചതായി പൊലീസ് അറിയിച്ചു.
കലാബ്രിയയിലെ തെക്കൻ മേഖലയിലെ പ്രധാന മാഫിയ സംഘമാണ്എൻട്രാൻഗെറ്റ. യൂറോപ്പിൽ മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കുന്നത് ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.