ട്രെയിൻ യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വീരവാദം മുഴക്കിയെത്തിയ പൊലീസ് അവസാനം പിൻവലിഞ്ഞു. 'ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കു'മെന്ന തലക്കെട്ടിലായിരുന്നു പൊലീസിന്‍റെ ആക്ഷൻ ഹീറോ കളി. സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനെതിരേ പ്രതിഷേധം കനത്തതോടെ ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു. നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജുവിലെ' മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിച്ചത്.
'സ്റ്റേഷനിലെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ പരിഹസിക്കുകയും അല്ലയോ മഹാനുഭാവ. താങ്കള്‍ എന്തിനാണ് ഇത്തരം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും'എന്നും നിവിന്‍ പോളിയുടെ കഥാപാത്രമായ എസ്.ഐ. ബിജു ചോദിക്കുന്ന സീൻ പങ്കുവെച്ചായിരുന്നു പൊലീസിന്‍റെ ഹീറോ കളി. 'ആദ്യ മീം സൈലന്റ്, രണ്ടാമത്തേത്: ഞങ്ങള്‍ ഞങ്ങളുടെ കര്‍തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും,' എന്നാണ് വിവാദ മീമിന് നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റിനെതിരേ പ്രതിഷേധം ശക്തമായതോടെ പിൻവലിക്കുകയായിരുന്നു.
കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറാണ് ഇതെന്നും ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നുമാണ് പൊലീസ് പറയുന്നത്. ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ എം.സി. പ്രമോദ് ട്രെയിനിൽ വെച്ച് നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് എ.എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു. ബൂട്ടിട്ട് ചവിട്ടിയ സംഭവം വലിയ വിവാദമാകുകയും മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചവിട്ടേറ്റയാൾ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചത്.
2011, 2016 കാലയളവിൽ മാല മോഷണം, ക്ഷേത്ര ഭണ്ഡാരം കവർച്ച എന്നിവയടക്കം ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു. സ്ഥിരം മദ്യപാനിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. മദ്യപിച്ച് സ്ത്രീകളെ ശല്ല്യം ചെയ്തതിനാണ് ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടതെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.