ബോളിവുഡിൽ ഒട്ടേറെക്കാലം താരപ്പകിട്ടോടെ വിരാജിച്ച അഭിനേത്രിയായിരുന്നു രേഖ. നൃത്തവും പാട്ടും അഭിനയവുമായി തന്റെ കരിയർ സമ്പുഷ്ടമാക്കിയ അവർ ഈ 69 ആം വയസ്സിൽ വീണ്ടും നൃത്തവേദിയിലെത്തി കാണികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അബൂദബിയിൽ നടന്ന ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡ് ദാനചടങ്ങിലെ രേഖയുടെ നൃത്തം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . 20 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനം പ്രേക്ഷകരെ കഴിഞ്ഞ കാലത്തേക്ക് തിരികെ കൊണ്ടുപോകുന്ന തരത്തിലുള്ളതായിരുന്നു. പ്രായം വെറും അക്കം മാത്രമെന്ന് തെളിയിക്കുന്നതാണ് രേഖയുടെ നൃത്തമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
നിരവധി ബോളിവുഡ് താരങ്ങൾ വേദിയിലെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത രണ്ടാം ദിവസമായിരുന്നു രേഖയുടെ ഡാൻസ്. ‘ഐ.ഐ.എഫ്.എ 2024’ രാത്രിയെ കൂടുതൽ അവിസ്മരണീയമാക്കിയത് മുതിർന്ന നടി രേഖയായിരുന്നു. അവർ ഗംഭീരമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പ്രായം വെറുമൊരു സംഖ്യയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഒരു കൂട്ടം നർത്തകർക്കൊപ്പം 20 മിനിറ്റിലധികം നേരം അവർ കാഴ്ചവെച്ച നൃത്തപ്രകടനം കാണികളെ ഏറെ ആകർഷിക്കുന്നതായിരുന്നു’- തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ രേഖയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ.ഐ.എഫ്.എ ചൂണ്ടിക്കാട്ടി.
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ചിത്രമായ ഗൈഡിലെ ‘പിയാ തോസെ നൈനാ ലഗേ രേ’ എന്ന ഗാനത്തിനാണ് അവർ ചുവടുവെച്ചത്. ‘മിസ്റ്റർ നട്‌വർലാൽ’ എന്ന ചിത്രത്തിലെ ‘പർദേശിയ’ എന്ന ഗാനത്തിലും അവർ ഊർജസ്വലമായി നൃത്തം ചെയ്തു. ഹേമമാലിനി, ഷാരൂഖ് ഖാൻ, റാണി മുഖർജി, അനിൽ കപൂർ, ബോബി ഡിയോൾ, വിക്കി കൗശൽ, ഷാഹിദ് കപൂർ തുടങ്ങിയ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.