കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്വർണക്കടത്ത് വിവാദങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി കേന്ദ്ര മന്ത്രിമാരും സജീവമാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും, അവരെ പിടിച്ചുതള്ളിയ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ നടപടിയുമെല്ലാം സംസ്ഥാനത്ത് സംഘർഷഭരിത സാഹചര്യത്തിനാണ് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു ട്വീറ്റിലെ അബദ്ധം ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ.
വിമാനത്തിലെ പ്രതിഷേധക്കാരെ ഇ.പി. ജയരാജൻ തള്ളിവീഴ്ത്തുന്ന വിഡിയോയാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. 'കേരള മന്ത്രി കെ.പി. ജയരാജൻ യുവാക്കളെ കയ്യേറ്റം ചെയ്യുന്നതായാണ് വിഡിയോയിൽ കാണുന്നത്' എന്ന് അടിക്കുറിപ്പും നൽകി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ടൈംസ് ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെയാണ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന മന്ത്രി കെ.പി. ജയരാജൻ എന്ന് വിശേഷിപ്പിച്ചത്. മന്ത്രിയുടെ ട്വീറ്റിലെ അബദ്ധം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. മലയാളി കൂടിയായ കേന്ദ്ര മന്ത്രിക്ക് കേരളത്തിലെ മന്ത്രിമാരെ അറിയില്ലേയെന്നും പലരും കമന്‍റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8.52ന് ചെയ്ത ട്വീറ്റിലെ അബദ്ധം 10 മണിക്കൂർ പിന്നിട്ടിട്ടും മന്ത്രിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ തുടരുകയാണ്.
സ്വർണക്കടത്ത് വിവാദത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. വിഷയം ഉയർന്നുവന്ന 2020ൽ ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഴുവൻ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതൽ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.