ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് ശക്തമായ നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ. സമൂഹമാധ്യമങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കണമെന്നും രാഷ്ട്രീയപരമായ ഐക്യമുണ്ടായാൽ ഇക്കാര്യത്തിൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്നുമാണ് മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയത്. കേന്ദ്രം നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുമ്പോഴൊക്കെയും അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭയും ലോക്സഭയും അഭിപ്രായ ഐക്യത്തിലെത്തിയാൽ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നവർക്ക് കർശന നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ്, ഗൂഗ്ൾ, ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റർ എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. വിവാദപരമായ ഉള്ളടക്കങ്ങളെ അടയാളപ്പെടുത്തൽ, തരംതാഴ്ത്തൽ, എടുത്തുമാറ്റൽ തുടങ്ങിയ പ്രക്രിയകളെ കുറിച്ച് ചർച്ചചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ ചോദ്യത്തിന് മറുപടിയായി സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം തയാറാണെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
ജനുവരി 31നാണ് ടെക് ഭീമന്മാരായ സ്ഥാപനങ്ങളുമായുള്ള ചർച്ച നടന്നത്. ഇത് ഒറ്റത്തവണയുള്ള കൂടിക്കാഴ്ചയല്ലെന്നും എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം കൂടിക്കാഴ്ച ഇനി നടക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
പൗരന്മാരുടെ സുരക്ഷക്കായി നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന അഭിപ്രായമാണ് വ്യക്തിപരമായി തനിക്കുള്ളതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ ഒരു സമൂഹമെന്ന നിലയിൽ നാം മുന്നോട്ടുവരണം -മന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നത് അടിസ്ഥാനപരമായ ധർമമാണെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം എപ്പോഴൊക്കെ മുന്നോട്ടു വന്നിട്ടുണ്ടോ, അപ്പോഴെല്ലാം പ്രതിപക്ഷമാണ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി രംഗത്തുവരാറുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.