ഓൺലൈൻ ചതിക്കുഴികളുടെ കാലമാണിത്. സൂക്ഷിച്ചും കണ്ടും കൈകാര്യം ചെയ്തില്ലെങ്കിൽ ഏതൊരാളും കെണിയിൽ പെടാനുള്ള സാധ്യതയേറെയാണ്. വിഡിയോ കോളുകളുടെ രൂപത്തിലും ഹണി ട്രാപ്പുകളുടെ രൂപത്തിലും ലോൺ ആപ്പുകളുടെ രൂപത്തിലുമെല്ലാം നമുക്ക് ചുറ്റും ഈ ചതിക്കുഴികളുണ്ട്. അവയിൽ പെടാതെ സൂക്ഷിക്കുകയാണ് ഒന്നാമത്തെ കാര്യം. അഥവാ, പെട്ടുപോയാൽ എന്തുചെയ്യണമെന്നതും പ്രധാനപ്പെട്ടതാണ്. തന്‍റെ സുഹൃത്തായ ഒരു എഴുത്തുകാരന് വാട്സാപ്പ് കോളിലൂടെയുണ്ടായ അനുഭവവും തുടർന്നുണ്ടായ ഭീഷണിയും അതിനെ എങ്ങിനെ നേരിട്ടെന്നതും വിശദമാക്കി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരിക്കുകയാണ് നിർമാതാവ് ജോളി ജോസഫ്.
പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള വാട്സാപ്പ് കോളിലൂടെയാണ് ജോളി ജോസഫിന്‍റെ സുഹൃത്തിന് പണി കിട്ടിയത്. അദ്ദേഹം പറയുന്നത് ഇങ്ങനെ:- "എഴുത്തുകാരൻ ചെങ്ങായി പാതിരാത്രിയിൽ പരിഭ്രാന്തിയോടെ എന്നെ വിളിച്ചുണർത്തി കരഞ്ഞുകൊണ്ട് പറഞ്ഞു ' ജോളി, സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ടുകൾ വന്നാൽ ഞാൻ ആത്മഹത്യ ചെയ്യും '
കോട്ടയത്ത് സാഹിത്യ സമ്മേളനനത്തിന് പോയിരുന്ന വളരെ പ്രശസ്തനായ എഴുത്തുകാരൻ കൂട്ടുകാരോടൊത്ത് കോട്ടയം ക്ലബ്ബിൽ ഒന്നു മിനുങ്ങിയശേഷം ഐഡാ ഹോട്ടലിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു. രാത്രി ആയപ്പോൾ അദ്ദേഹത്തിന് സുന്ദരിയായ ഒരു പെൺകുട്ടിയുടെ വീഡിയോ കാൾ വന്നു. ആരാധികയാണെന്നും കാണാൻ താല്പര്യമുണ്ടെന്നും എപ്പോഴാണ് സൗകര്യമെന്നും വടിവൊത്ത ഇംഗ്ലീഷിൽ അവൾ പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷപൂർവം വിശ്വസിച്ച് ചിരിച്ചു കൊണ്ട് സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അവളുടെ ഉടയാടകൾ ഒരോന്നായി അപ്രത്യക്ഷമാകുന്നത് ഫോണിന്റെ സ്‌ക്രീനിൽ കൂടി അമ്പരപ്പോടെ ആശ്ചര്യത്തോടെ അദ്ദേഹം കണ്ടുകൊണ്ടിരുന്നു. അതിനിടയിൽ സ്‌ക്രീനിൽ കാണുന്ന നഗ്നമായ ദേഹത്തിലെ വടിവൊത്ത പല ഭാഗങ്ങളിലും ചുംബിക്കാൻ അവൾ അദ്ദേഹത്തിനോട് പ്രണയാഭ്യർത്ഥന നടത്തി ...!
അദ്ദേഹത്തിന്റെ ഓരോ 'സൽപ്രവർത്തികളുടെയും ' സ്ക്രീൻ ഷോട്ടുകൾ അവൾ അയച്ചുകൊടുത്തുകൊണ്ട് ഒരു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടത്രെ . രാത്രിക്കുള്ളിൽ ഒരു ലക്ഷം രൂപ ഇലക്ട്രോണിക് ട്രാൻസ്ഫെറായി കൊടുത്തില്ലെങ്കിൽ ഫേസ്ബുക് , ഇസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ടുകൾ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു വാട്സാപ്പിലൂടെ ഭീഷണി . മറുപടി കൊടുത്തില്ലെങ്കിൽ വെറും മുപ്പത് മിനിറ്റിനുള്ളിൽ അപ്‌ലോഡ് ചെയ്യുമത്രേ . ഞാനെത്ര കണ്ട് സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തിയാലും സമൂഹത്തിൽ നിലയും വിലയുമുള്ള വളരെ ഉന്നതനായിട്ടുള്ള അദ്ദേഹത്തിന്റെ പരിഭ്രമം മനസിലാക്കാവുന്നതേയുള്ളൂ. ആയതിനാൽ ' കുറച്ച് സമയം വേണം മാഷെ ,നമുക്ക് നോക്കാം ' എന്ന ഉത്തരത്തിൽ നിർത്തി.
‘'അവൾ ഇനി വിളിക്കുമ്പോൾ , കാശു തരാം പക്ഷെ രാവിലെ വരെ പത്ത് മണിവരെ , ബാങ്ക് തുറക്കുന്നതുവരെ സമയം വേണെമെന്ന് ആവശ്യപ്പെടൂ .. '' അദ്ദേഹത്തോട് ഞാൻ പറഞ്ഞുകൊടുത്തു . നമ്മളെയൊക്കെ മാനസീകമായി തളർത്തുന്ന ഏതൊരു സാഹചര്യത്തിലും പെട്ടെന്നുള്ള തീരുമാനങ്ങൾ തെറ്റാകാൻ സാദ്ധ്യതകൾ ഏറെയാണ് . ഇവിടെയാണ് കൃത്യമായ തീരുമാനങ്ങൾക്ക് സമയം വേണ്ടിവരുമെന്ന കാര്യം പ്രവർത്തികമാകേണ്ടത് . അവർ തമ്മിലുള്ള എല്ലാവിധ കമ്മ്യൂണിക്കേഷന്സിന്റെ സ്ക്രീൻ ഷോട്ടുകളും ഞാൻ ആവശ്യപ്പെട്ടു . എന്റെ അടുത്ത ചെങ്ങായിമാരിലെ ഇ കൊമേർഷ്യൽ പ്രഗൽഭന്മാരെ വിളിച്ച് ഉപദേശം തേടിയെങ്കിലും ഒന്നും ശെരിയായില്ല . ഉറങ്ങാത്ത എഴുത്തുകാരന് ഞാൻ ഫോണിൽ കൂടി കൂട്ടിരുന്നു നേരം വെളുപ്പിച്ചെടുത്തു .
രാവിലെ ഞാൻ എറണാകുളത്തെ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വിവരിച്ചപ്പോൾ അവരെനിക്ക് സൈബർ സെല്ലിനെ കണക്ട് ചെയ്തുതന്നു , അവർ എഴുത്തുകാരനുമായി സംസാരിച്ചു . ഇങ്ങിനെത്തെ ഒരുപാട് കേസുകൾ എല്ലാ ദിവസവും വരുന്നുണ്ടത്രേ ! നമ്മുടെ പോലീസിന്റെ കൃത്യമായ ഇടപെടൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു . സുന്ദരിയുടെ ഫോണും വാട്സാപ്പ് നമ്പറും അവളുടെ ഒറിജിനൽ പേരും ഹരിയാനയിലുള്ള കൃത്യമായ ലൊക്കേഷനും അവർ മിനിട്ടുകൾക്കകം തിരിച്ചറിഞ്ഞു. പോലിസിന്റെ നിർദ്ദേശാനുസരണം എഴുത്തുകാരൻ ചെങ്ങായ് അവളുടെ വാട്സാപ്പ്കാൾ വന്നപ്പോൾ സംസാരിക്കാൻ തുടങ്ങി ,അതിനിടയിൽ നമ്മുടെ പോലീസ് സുന്ദരിയുടെ 'സ്ഥാവര ജംഗമ ' ലിസ്റ്റ് അവളുടെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തുകൊണ്ട് മെസ്സേജിട്ടു '' ഗുഡ് മോർണിംഗ് മാഡം , ഗ്രീറ്റിംഗ്‌സ് ഫ്രം കേരള പോലീസ് , വി വിൽ കാൾ യു നൗ .. '' പിന്നീട് നടന്നത് ചരിത്രം .
ചെങ്ങായിമാരെ, ആദ്യമായി പറയട്ടെ കലികാലമാണ് അനാവശ്യമായ വീഡിയോ കാളുകൾ എടുക്കാതിരിക്കുക പിന്നെ നിങ്ങൾ എങ്ങാനും പെട്ടുപോയാൽ ദൈവത്തെയോർത്ത് ഭീഷണിക്ക് വഴങ്ങി പണം നൽകരുത് , അവർ പിന്നെയും ആവശ്യപ്പെടും. ആത്മഹത്യ ചെയ്താൽ നഷപെടുന്നത് നിങ്ങളുടെ കുടുംബത്തിനുമാത്രം. ദയവുചെയ്ത് നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അവിടത്തെ SHO നെ യാതൊരു ശുപാർശയും കൂടാതെ നേരിൽ കണ്ടാൽ മാത്രം മതിയാകും . കേരള പൊലീസിലെ SHO മാർ വിവരവും വിദ്യാഭ്യാസമുള്ള മിടുമിടുക്കന്മാരായ ഓഫീസർമാരാണ് , അവർക്കറിയാം എന്തു ചെയ്യണമെന്ന്, എങ്ങിനെ ചെയ്യണമെന്ന്. അവർ നേടിയെടുത്തിരിക്കും, ഞാൻ സാക്ഷി."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.