ന്യൂഡല്‍ഹി: ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ദുഖാചരണം ആചരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം. ഇന്ത്യയെ കോളനിയാക്കി അടക്കിഭരിച്ചിരുന്ന, സാമ്പത്തികമായി ഊറ്റിയെടുത്ത ഒരു രാജ്യത്തിന്റെ രാജ്ഞിയുടെ മരണത്തില്‍ ഇവിടെ ദുഖാചരണം ആചരിക്കേണ്ടതില്ല എന്നാണ് അഭിപ്രായമുയരുന്നത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുകളടക്കം കുത്തിപ്പൊക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ദേശീയ തലത്തില്‍ ദുഖാചരണം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍ എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ രാജകുടുംബത്തിന് അനുശോചന സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. 2015ലും 2018ലും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഓര്‍മകള്‍ പറഞ്ഞുകൊണ്ടാണ് മോദി അനുശോചന ട്വീറ്റ് പങ്കുവെച്ചത്.
കുത്തിപ്പൊക്കൽ വ്യാപകം
2013ല്‍, അധികാരത്തില്‍ വരുന്നതിന് മുമ്പ്, 'ഇന്ത്യ കൊളോണിയല്‍ സമയത്ത് നിന്നും, അന്നത്തെ അടിമത്തത്തില്‍ നിന്നും മാനസികമായി ഇതുവരെ പുറത്തുവന്നിട്ടില്ല' എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്ര മോദി പങ്കുവെച്ച ട്വീറ്റുള്‍പ്പെടെ കുത്തിപ്പൊക്കിയാണ് സോഷ്യല്‍മീഡിയ പ്രതിഷേധിക്കുന്നത്. കഴിഞ്ഞയാഴ്ച രാഷ്ട്രപതി ഭവനില്‍ നിന്നുള്ള പാതയുടെ പേര് രാജ്പഥ് എന്നതില്‍ നിന്നും കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ പേരാണ് രാജ്പഥ് എന്നും ഇന്ത്യക്കാരെ അടിമകളായി കണ്ട കൊളോണിയല്‍ കാലത്തിന്റെ ഓര്‍മകള്‍ മായ്ച്ച് കളയാനാണ് പാതയുടെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റുന്നതെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. ഇതേ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ദുഖാചരണം ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഇരട്ടത്താപ്പാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
എലിസബത്ത് രാജ്ഞി മരിച്ച സമയത്തും സോഷ്യല്‍ മീഡിയയില്‍ അനുശോചന പോസ്റ്റുകള്‍ക്കൊപ്പം ഇതിനെതിരായി, ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും എലിസബത്തിന്റെയും കൊളോണിയല്‍ സംസ്‌കാരത്തെ വിമര്‍ശിച്ചുകൊണ്ടും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. യുദ്ധകുറ്റവാളികളായ നിരവധി പേരെ എലിസബത്ത് രാജ്ഞി ആദരിച്ചതിന്റെ രേഖകളും ദൃശ്യങ്ങളുമടക്കമാണ് നേരത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന അയര്‍ലാന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍, ബാര്‍ബഡോസ്, സാംബിയ തുടങ്ങി ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വന്ന നിരവധി രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യം മറ്റു രാജ്യങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കള്‍ തിരിച്ചുനല്‍കാനോ രാജ്യങ്ങളെ കോളനികളാക്കി ഭരിച്ച കാലത്ത് ചെയ്തുകൂട്ടിയ അതിക്രമങ്ങളില്‍ മാപ്പ് പറയാനോ രാജ്ഞി ഒരിക്കല്‍ പോലും തയ്യാറായിട്ടില്ല. ബ്രിട്ടന്‍ മറ്റ് രാജ്യങ്ങളെ കോളനികളാക്കിയിരുന്നു എന്ന ചരിത്രത്തെ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന ഈ അധികാരി സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.രാജ്ഞിയുടെ കിരീടത്തിലെ രത്നം പോലും ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂറാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് പശ്ചിമ ബംഗാളില്‍ പട്ടിണിയില്‍ പതിനായിരങ്ങള്‍ മരിക്കാന്‍ കാരണം ഇതേ രാജ്ഞിയുടെ നയങ്ങളായിരുന്നെന്നും വിമർശകർ പറയുന്നു. ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് നടത്തുകയും ലാഭം കൊയ്യുകയും ചെയ്തിരുന്ന അടിമവ്യാപാരത്തെ രാജ്ഞി സൗകര്യപൂര്‍വ്വം മറന്നുകളയുകയായിരുന്നെന്നും തദ്ദേശീയരായ നിരവധി ഗോത്രവിഭാഗങ്ങളെ വംശഹത്യ ചെയ്തില്ലാതാക്കിയത് ഇതേ രാജ്ഞിയുടെ കാലത്താണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.