അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ കനത്ത തകർച്ച നേരിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മോദി വിമർശകനായ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന്‍റെ അഞ്ച് വർഷം മുമ്പുള്ള ട്വീറ്റ്. അദാനി എന്ന ടൈംബോംബ് പൊട്ടാൻ പോവുകയാണെന്നും തന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നുമാണ് അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നത്. നിലവിൽ, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെ വിവിധ കേസുകൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ് സഞ്ജീവ് ഭട്ട്.
'എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ -അദാനി ടൈംബോംബ് ടിക് ടിക് അടിക്കാൻ തുടങ്ങിയിരിക്കുന്നു. അദാനി എന്ന ടൈംബോംബ് പൊട്ടുമ്പോൾ, അത് നീരവ് മോദി ഉൾപ്പെടെയുള്ള തട്ടിപ്പുകാരെ നിസാര തെരുവുഗുണ്ടകളാക്കി മാറ്റും' -2018 ഫെബ്രുവരിയിൽ സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. വൻ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുൾപ്പെടെ നടത്തിയ തട്ടിപ്പിനെക്കാൾ ഏറെ വലുതാണ് അദാനിയുടെത് എന്നാണ് ഭട്ട് ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടികളാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലെ ഓഹരികളെല്ലാം വൻ ഇടിവ് നേരിട്ടു. ഇതോടെ, ആഗോള ധനകാര്യ സ്ഥാപനങ്ങൾ പലതും റേറ്റിങ് താഴ്ത്തുകയും അദാനിയുടെ ഓഹരികളിൽ വായ്പ നൽകുന്നത് നിർത്തുകയും ചെയ്തിരുന്നു. ഓഹരി വിലയിൽ വൻ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാറും അന്വേഷണത്തിന് ഒരുങ്ങുകയാണ്.
ഗുരുതര ആരോപണങ്ങളാണ് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോർട്ടിൽ അദാനിക്കെതിരെ ഉന്നയിച്ചത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വൻതോതിൽ ഇടിഞ്ഞത്.
നരേന്ദ്ര സർക്കാറിനെതിരെ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാൽ, ഭട്ട് ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ സുപ്രീംകോടതിതള്ളുകയും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു. ടീസ്ത സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഇദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. 2018 മുതൽ ജയിലിൽ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.