കോഴിക്കോട്: ഭർതൃപീഡനത്തെക്കുറിച്ച് പരാതി അറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ എഴുത്തുകാരി എസ്. ശാരദക്കുട്ടി. ക്ഷീണിതയായതു കൊണ്ടും അമ്മയുടെ സ്വാതന്ത്ര്യമെടുത്തുമാണ് പെൺകുട്ടിയോട് മോശമായി സംസാരിച്ചതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയുടെ മാപ്പ്. ഉത്തരവാദിത്വങ്ങൾ മറന്നു പെരുമാറിയിട്ട് അമ്മക്കാർഡിറക്കുന്നത് മഹാ അശ്ലീലമാണെന്നും മാസങ്ങൾക്ക് മുൻപ് ഒരു വൃദ്ധയോടും ഇതേ മട്ടിലാണ് പെരുമാറിയതെന്നും എസ്. ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം അമ്മസ്ഥാനമല്ല എന്ന് ആദ്യം തിരിച്ചറിയുക. അമ്മമാർ പരാജയപ്പെട്ടു പോകുമ്പോളാണ് ഇത്തരം സ്ഥാപനങ്ങളെ വിശ്വാസത്തോടെ സ്ത്രീകൾ സമീപിക്കുന്നത്. എന്റെ പാർട്ടിയാണെന്റെ കോടതിയും പോലീസ് സ്റ്റേഷനും എന്നു പറഞ്ഞ അന്ന് നിങ്ങൾ പുറത്താക്കപ്പെടേണ്ടതായിരുന്നുവെന്നും എസ്. ശാരദക്കുട്ടി എഴുതുന്നു.
ക്ഷീണിതയായതു കൊണ്ടും അമ്മയുടെ സ്വാതന്ത്ര്യമെടുത്തുമാണ് പെൺകുട്ടിയോട് മോശമായി സംസാരിച്ചതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയുടെ മാപ്പ്. ഉത്തരവാദിത്വങ്ങൾ മറന്നു പെരുമാറിയിട്ട് അമ്മക്കാർഡിറക്കുന്നത് മഹാ അശ്ലീലമാണ്. മാസങ്ങൾക്ക് മുൻപ് ഒരു വൃദ്ധയോടും നിങ്ങൾ ഇതേ മട്ടിലാണ് പെരുമാറിയത്.
വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം അമ്മസ്ഥാനമല്ല എന്ന് ആദ്യം തിരിച്ചറിയുക. അമ്മമാർ പരാജയപ്പെട്ടു പോകുമ്പോളാണ് ഇത്തരം സ്ഥാപനങ്ങളെ വിശ്വാസത്തോടെ സ്ത്രീകൾ സമീപിക്കുന്നത്. അമ്മയാകാനല്ല, ധൈര്യം പകർന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുവാനും കരുത്തു നൽകാനുമുള്ള സംവിധാനത്തെയാണവർ സമീപിക്കുന്നത്. എന്റെ പാർട്ടിയാണെന്റെ കോടതിയും പോലീസ് സ്റ്റേഷനും എന്നു പറഞ്ഞ അന്ന് നിങ്ങൾ പുറത്താക്കപ്പെടേണ്ടതായിരുന്നു.
പിന്നെ നിങ്ങളുടെ ക്ഷീണത്തിന്റെ കാര്യം. നിങ്ങളേക്കാൾ ക്ഷീണിതയായതു കൊണ്ടാണല്ലോ സ്വന്തം പ്രശ്നം ഫോണിലൂടെ നിങ്ങളോട് സംസാരിച്ചു കളയാമെന്ന് ആ പെൺകുട്ടി വിചാരിച്ചത്. ക്ഷീണിതകളും അനാരോഗ്യവതികളും തളർന്നവരുമാകും നിങ്ങളെ വിളിക്കുക. അതറിയില്ലേ ?അഴുകിയ വൃക്ഷക്കാതലിലെ കീടങ്ങളോട് യുദ്ധം ചെയ്ത് തളർന്നവരാണ് നിങ്ങളെ സമീപിക്കുന്നത്. അതോർമ്മയില്ലാത്തത് ചെറിയ കുറ്റമല്ല.
അതുകൊണ്ട് , ക്ഷീണിതയായ അമ്മേ, നിങ്ങളിരിക്കേണ്ട കസേര ഇതല്ല എന്ന് സ്വയം മനസ്സിലാക്കുക. അവിടെയിരിക്കേണ്ടത് ഉറങ്ങാത്ത ബുദ്ധിയും തകരാത്ത മനോബലവും ജൻഡർ നീതി ബോധവുമുള്ളവരാണ്.
കാറോടിക്കുമ്പോൾ ഗിയറുകളും നോബുകളും ബ്രേയ്ക്കുകളും ഏതെന്ന തിരിച്ചറിവ് അബോധത്തിൽ പോലുമുണ്ടാകണം. അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടും. റദ്ദാക്കപ്പെടണം.
എസ് .ശാരദക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.