കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ ഒരു ട്വീറ്റായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമായത്. ചായപ്പാത്രത്തിൽ നിന്ന് ത്രിവർണത്തിലുള്ള ചായ അരിപ്പയിലേക്ക് ഒഴിക്കുമ്പോൾ കാവി നിറത്തിലായി മാറുന്ന ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതാണെന്ന അടിക്കുറിപ്പും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, തരൂർ ഉദ്ദേശിച്ചത് എന്താണ് എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. കാവിവത്കരിക്കപ്പെടുന്ന കോൺഗ്രസിനെയാണോ തരൂർ ഉദ്ദേശിച്ചത് എന്നായിരുന്നു പലർക്കും ചോദിക്കാനുണ്ടായിരുന്നത്.
എന്നാൽ, വിവാദങ്ങൾക്ക് മറുപടിയുമായി തരൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ട്വീറ്റിനെ ചിലർ ആർ.എസ്.എസ് അനുകൂലമായി ചിത്രീകരിക്കുകയാണെന്ന് തരൂർ പറഞ്ഞു. ചിത്രം വരച്ച കലാകാരൻ അഭിനവ് കഫാരെയെ തനിക്ക് അറിയില്ല. ചായവിൽപ്പനക്കാരൻ ഇന്ത്യയുടെ ത്രിവർണത്തെ കാവിവത്കരിക്കുകയാണെന്നാണ് താൻ ഉദ്ദേശിച്ചത്. നമ്മൾ അതിനെ എതിർക്കണം. തന്‍റെ പുസ്തകങ്ങളിലെ സന്ദേശവും അതുതന്നെയാണെന്ന് തരൂർ ട്വീറ്റിൽ വിശദീകരിച്ചു.
ഇന്ത്യയിലെ നിലവിലെ അവസ്ഥയാണിതെന്നും കലാസൃഷ്ടിക്ക് വാക്കുകളേക്കാളേറെ പറയാനാകുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇന്നലെ തരൂർ ചിത്രം ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ദേശീയതയെ ആകെ കാവിമയമാക്കുന്ന സംഘ്പരിവാർ അജണ്ടയെയാണ് തരൂർ ഉദ്ദേശിച്ചതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ, കോൺഗ്രസ് ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചാണോ തരൂർ സൂചിപ്പിക്കുന്നതെന്ന് മറ്റു ചിലർ ചോദിച്ചു. കലാകാരൻ യഥാർഥത്തിൽ ഉദ്ദേശിച്ചത് തരൂർ തെറ്റിദ്ധരിച്ചുവെന്നും ആളുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.