'മകളെ ചേർത്തുപിടിച്ച കണ്ണൂരിലെ ആ പിതാവിന്‍റെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു, തിരികെ വരണമെന്ന് ആഗ്രഹിച്ച പെൺകുട്ടിയെയും'

ണ്ണൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെൺകുട്ടിയുടെയും പിതാവിന്‍റെയും വെളിപ്പെടുത്തലിൽ പുറത്തുവന്നത് ലഹരി മാഫിയ കുട്ടികളെ പോലും ആഴത്തിൽ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന യാഥാർഥ്യമാണ്. തനിക്ക് അറിയാവുന്ന ഒമ്പത് വിദ്യാർഥികൾ കൂടി ഇത്തരത്തിൽ ലഹരിക്കെണിയിൽ പെട്ടുപോയിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയത്.

രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ജാഗ്രത ഏറെ ആവശ്യമുള്ള ഈ വിഷയത്തിൽ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് വടകര സ്വദേശിയായ അധ്യാപകൻ ഷിജു ആർ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്. ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലരെന്ന് കുറിപ്പിൽ പറയുന്നു. അനുഭവിച്ച അശാന്തിക്കപ്പുറം തിരികെ വരണമെന്നുള്ള ആഗ്രഹമുണ്ട് ആ പെൺകുട്ടിയുടെ വാക്കുകളിൽ. അതിനുമപ്പുറം

അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തുപിടിക്കുകയും ഡീ-അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത് -കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് കുറിപ്പ് വായിക്കാം...

കണ്ണൂരിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ കേൾക്കുകയായിരുന്നു. സഹപാഠിയായ ആൺകുട്ടി തന്റെ ലൈഫിലെ ചില വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തുവത്രേ. പിന്നീട് അതൊരു പ്രണയമായി മാറുകയും അതോടൊപ്പം ഈ കുട്ടിയെ അയാൾ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും അങ്ങനെ ഉപയോഗിച്ച് പതുക്കെപ്പതുക്കെ അവൾ കഞ്ചാവിന് അടിമയാവുകയും ചെയ്തു എന്നവൾ വെളിപ്പെടുത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ലൈംഗികാതിക്രമങ്ങൾക്കും പിന്നീട് അടി ചവിട്ട് തുടങ്ങിയ മാരക ശാരീരികാക്രമണങ്ങൾക്കും ആ പെൺകുട്ടി വിധേയമാവുന്നു. പ്രണയത്തിന്റെ ലഹരിയാണോ ലഹരിയോടുള്ള പ്രണയമാണോ ഇതെല്ലാം സഹിക്കാനവളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നറിയില്ല.

എല്ലാം മടുത്ത് സ്വയം തീർക്കണമെന്ന് തോന്നിയ നിമിഷം അവൾ ഇൻസ്റ്റയിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.

എല്ലാവരുമറിഞ്ഞ , ഒരു വാർത്ത എന്തിനാണിങ്ങനെ ഒരു സിനിമയുടെ വൺ ലൈൻ പോലെ എഴുതിവയ്ക്കുന്നത്?

അതെ ! എഴുതുകയാണ്.. എഴുതി മനസ്സിനെ പഠിപ്പിക്കുകയാണ്..

ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലർ. അതു കൂടിയാണ് കേരളത്തിന്റെ കൗമാരം. ഈ കേരളത്തിലും കൂടിയാണ് വീട്ടിലും വിദ്യാലയത്തിലുമുള്ള എന്റെയും കുഞ്ഞുങ്ങൾ വളരേണ്ടത്.

വാർത്ത കണ്ട് ആദ്യം തോന്നിയ ഭയത്തെ,

അശാന്തിയെ,

പിന്നെ തോന്നിയ മരവിപ്പിനെ ,

പിന്നെയും തോന്നിയ സങ്കടങ്ങളെ

ഞാനിങ്ങനെ എഴുതിക്കൂട്ടുകയാണ്.

അനുഭവിച്ച അശാന്തിക്കപ്പുറം തെളിയുന്ന ആശ്വാസത്തിൽ ഞാനവളെ ഒന്നു കൂടി കേട്ടു. ശരിയാണ്..

തിരികെ വരണമെന്ന് ,

കൈവിട്ടു പോയതെല്ലാം തിരികെപ്പിടിക്കണമെന്ന് ,

ഒരാഗ്രഹത്തിന്റെ ചെറുതല്ലാത്തൊരു മോഹമുണ്ട് അവളുടെ സ്വരത്തിൽ.

അതിനുമപ്പുറം

അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തു പിടിക്കുകയും ഡീ- അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത്.

വേണമെങ്കിൽ അദ്ദേഹത്തിന് അവിടെ നിർത്താമായിരുന്നു. പക്ഷേ ഇനിയുള്ള കുഞ്ഞുങ്ങളും രക്ഷപ്പെടട്ടെ എന്ന ഇച്ഛാധീരത സമാനതകളില്ലാത്തതാണ്. രാജ്യാന്തര ബന്ധങ്ങളുള്ള മയക്കുമരുന്ന് ശൃംഖലകളുടെ കാണാച്ചരടുകളിലേക്ക് നിയമത്തിന്റെ , നീതിപീഠത്തിന്റെ , പൗരസമൂഹത്തിന്റെ ശ്രദ്ധയും പ്രതിരോധവും ആവശ്യപ്പെട്ടിരിക്കുകയാണദ്ദേഹം. ഒരു പക്ഷേ സ്വജീവിതവും മകളുടെ തന്നെ ജീവിതവും അപകടപ്പെട്ടേക്കാവുന്ന ഈ വെളിപ്പെടുത്തലിന്റെ ഗൗരവം നാമുൾക്കൊള്ളണം. അവർക്കൊന്നും സംഭവിച്ചു കൂടാ.

അടിയന്തിരമായി ആ ആൺകുട്ടിയെ കണ്ടെത്തേണ്ടതുണ്ട്. അവനും ഈ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇരയും പുതിയ ഇരകൾക്കായി ചൂണ്ടക്കൊളുത്തിൽ കുരുക്കിയ ഇരയുമാണവൻ.

കോടാലി മാത്രമാണത്. കൈകൾ കാണാമറയത്താണ്. വിചാരണകൾ അവനിൽ മാത്രം ഒതുങ്ങി പോവരുത്.

Tags:    
News Summary - Shiju R facebook post on kannur drug mafia revealation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.