കോഴിക്കോട്: ബി.ജെ.പിയുടെ മഹിളാ മോർച്ച നേതാവിന്‍റെ പൊള്ളയായ അവകാശവാദത്തെ കളിയാക്കുകയാണ് സമൂഹമാധ്യമങ്ങൾ. 19 വയസുള്ള സ്ഥാനാർഥികൾ വരെ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മത്സരിച്ചിട്ടുണ്ടെന്ന സ്മിത മേനോന്‍റെ പ്രസ്താവനയാണ് പണികൊടുത്തത്. ന്യൂസ് 18 ചാനലിലെ ചർച്ചക്കിടയിലായിരുന്നു സംഭവം.
21കാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായതുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, ചെറുപ്പക്കാരെ ബി.ജെ.പി സ്ഥാനാർഥിയാക്കിയിട്ടുണ്ട് എന്ന് കാണിക്കാനായി മഹിള മോർച്ച നേതാവ് സ്മിത മേനോൻ സ്ഥാനാർഥിയുടെ പ്രായം കുറച്ചത്.
''ബി.ജെ.പിയെ സംബന്ധിച്ച് പൊളിറ്റിക്കലായി യുവാക്കൾ മുന്നോട്ടുവരുന്നില്ല എന്നു പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇക്കുറി മത്സരിച്ചവരിൽ 19 വയസുള്ള കുട്ടികൾ വരെയുണ്ടായിരുന്നു." എന്നായിരുന്നു സ്മിതാ മേനോന്‍റെ പ്രസ്താവന.
യഥാർഥത്തിൽ, 19 വയസുള്ള ആരും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. മത്സരിക്കാൻ സാധിക്കുകയുമില്ല. കാരണം, മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാണ്.
നേരത്തെ, അബൂദബിയിൽ നടന്ന നയതന്ത്ര സമ്മേളനത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരനോടൊപ്പം പങ്കെടുത്തതിലൂടെ സ്മിതാ മേനോൻ വിവാദകേന്ദ്രമായിരുന്നു. അടുത്തിടെ, ആർ.എസ്.എസ് വാരികയായ കേസരിയുടെ മുഖചിത്രത്തിൽ സ്മിതാ മേനോൻ ഉൾപ്പെട്ടതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.