ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനം ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ തവണ ഇത് 99.26 ആയിരുന്നു. 2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.ഗൾഫ് സെന്ററുകളിൽ 528 പേർ പരീക്ഷയെഴുതി. അതിൽ 504 പേർ വിജയിച്ചു. ലക്ഷദ്വീപ് സെന്ററുകളിൽ പരീക്ഷയെഴുതിയ 289 വിദ്യാർഥികളിൽ 283 പേർ വിജയിച്ചു
ഇത്തവണ 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 44,363 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്. ഈ വിജയമാതൃക മൂല്യശോഷണമാണെന്ന് വിശദീകരിക്കുന്ന സോഷ്യൽമീഡിയ കുറിപ്പ് വൈറലായി. കുട്ടികളെക്കൊണ്ട് 100 ൽ 100 വാങ്ങിപ്പിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഈ വിദ്യാഭ്യാസ മൂല്യം കൊല്ലൽ ആർക്കു വേണ്ടിയാണെന്നും കാന സുരേശൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിനെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ.
ഇന്നലെ SSLC റിസൾട്ട് വന്നു. പലർക്കും എല്ലാ വിഷയങ്ങളിലും എ+ ലഭിച്ചു. കൃത്യം പറഞ്ഞാൽ 68804 പേർക്ക്. അത് പരീക്ഷ എഴുതിയ കുട്ടികളുടെ 16.5 % ആണ്. അതായതു ആറുപേരിൽ ഒരാൾക്ക് എല്ലാ വിഷയത്തിലും A +. എല്ലാവര്ക്കും അഭിനന്ദനങ്ങൾ.
ഇനി കാര്യത്തിലേക്കു കടക്കാം. എന്താണ് absolute ഗ്രേഡിങ്ങും താരതമ്യ ഗ്രേഡിങ്ങും തമ്മിലുള്ള വ്യത്യാസം? ആദ്യത്തേതിൽ കുട്ടിക്ക് ലഭിച്ച യഥാർത്ഥ മാർക്ക് ആണ് ആ കുട്ടിയുടെ സ്ഥാനം തീരുമാനിക്കുന്നത്.
രണ്ടാമത്തെ രീതിയിൽ ഒരു വിഷയത്തിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളുടെയും മാർക്ക് ഒരു ഗ്രാഫ് രീതിയിൽ ക്രമീകരിക്കുന്നു. വിവിധ മാർക്കുകൾ ലഭിച്ച കുട്ടികളുടെ എണ്ണമാണ് പ്ലോട്ട് ചെയ്യുന്നത്. ഒരു നല്ല പരീക്ഷയാണെങ്കിൽ ഒരു ബെൽ ആകൃതിയിലുള്ള ഗ്രാഫ് (Gaussian curve) ആണ് ലഭിക്കുക. അതായതു കൂടുതൽ മാർക്ക് ലഭിച്ചവരുടെയും വളരെ കുറവ് മാർക്ക് നേടിയവരുടെയും എണ്ണം വളരെ കുറവായിരിക്കും. ഏറ്റവും കൂടുതൽ കുട്ടികൾ ആവറേജ് ആയിരിക്കും. ആവറേജിനെക്കാൾ കുറഞ്ഞ മാർക്കും കൂടിയ മാർക്കും നേടിയവരുടെ എണ്ണം ആവറേജ് മാർക്ക് നേടിയവരുടെ എണ്ണത്തിനേക്കാൾ താരതമ്യേന കുറവായിരിക്കും.
ഒരു നല്ല പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബൂഷൻ ചിത്രത്തിൽ കാണിച്ചത് പോലെയായിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ലോകത്തിലെ ജനങ്ങളുടെ IQ വാല്യൂ ആണ് (X axis). Y ആക്സിസിൽ കാണിച്ചിരിക്കുന്നത് ആൾക്കാരുടെ എണ്ണവും. ഇങ്ങനെ തന്നെയാണ് ഒരു നല്ല പരീക്ഷ രീതിയിലൂടെ ഉണ്ടാവുന്ന മാർക്ക് ക്രമീകരണവും. സാധാരണ ഒരു നല്ല പരീക്ഷയിൽ പഠിത്തത്തിൽ പുറകിൽ നിൽക്കുന്ന കുട്ടികൾക്കു പോലും ഉത്തരം നല്കാൻ പറ്റുന്ന കുറച്ചു ചോദ്യങ്ങളും പഠിത്തത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക് പോലും എളുപ്പം ഉത്തരം നല്കാൻ പറ്റാത്ത തരം കുറച്ചു ചോദ്യങ്ങളും ഉണ്ടായിരിക്കണം. എല്ലാ ലെവലുകളിലും ഉള്ള ചോദ്യങ്ങൾ വേണം. അങ്ങനെയാവുമ്പോൾ പഠിത്തത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കുട്ടി പോലും 100 ൽ 100 വാങ്ങിക്കണമെന്നില്ല (കുട്ടികളെക്കൊണ്ട് 100 ൽ 100 വാങ്ങിപ്പിക്കുക അല്ല വിദ്യാഭ്യാസ ലക്‌ഷ്യം). അവിടെയാണ് താരതമ്യ വിലയിരുത്തലിന്റെ പ്രസക്തി.
ഓരോ വിഷയത്തിലും മൊത്തം കുട്ടികളിലെ പരമാവധി 10 % കുട്ടികൾക്ക് A +, പിന്നെ അടുത്ത 10-15% കുട്ടികൾക്ക് A, എന്നിങ്ങനെയാണ് ഗ്രേഡിങ് നടത്തേണ്ടത്. അങ്ങനെയാവുമ്പോൾ എല്ലാ വിഷയങ്ങളിലും A+ വാങ്ങുന്ന കുട്ടികൾ 5 % ൽ താഴെമാത്രമേ കാണു. അങ്ങനെയാണെങ്കിൽ മാത്രമേ റിലേറ്റീവ് ഗ്രേഡിംഗ് കൊണ്ട് പ്രയോജനമുള്ളു.
ഇതിപ്പോൾ 16.5 % പേർക്ക് എല്ലാത്തിലും A + ആണെങ്കിൽ ഓരോവിഷയത്തിലും ഉള്ള A+ ശതമാനം വളരെ കൂടുതൽ ആയിരിക്കും. ഈ വിദ്യാഭ്യാസ മൂല്യം കൊല്ലൽ എന്തിനു? ആർക്കു വേണ്ടി? ആരെ ബോധ്യപ്പെടുത്താൻ ? ഇവിടെ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ഈ മൂല്യശോഷണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത് വളരെ ഖേദകരമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.