കോഴിക്കോട്: ഡൽഹിയിൽ കോവിഡ് രോഗികൾ നേരിടുന്ന ദുരിതപർവം വരച്ചുകാട്ടുകയാണ് കോവിഡ് ചികിത്സയിൽ കഴിഞ്ഞ മലയാളിയായ രാഹുൽ ചൂരൽ. എളമരം കരീം എം.പിയുടെ പി.എകൂടിയായ രാഹുൽ കോവിഡ് ബാധിച്ച് ഒരാഴ്ച ഡൽഹിയിലെ ആശുപത്രിയിൽ കഴിയേണ്ടിവന്നപ്പോൾ നേരിട്ട അവസ്ഥകൾ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.
കൺമുന്നിൽ മൂന്നുപേർ പിടഞ്ഞുമരിക്കുന്നു, ശ്വാസംകിട്ടാതെ പിടയുമ്പോഴും സ്വന്തം വിസർജ്യത്തിൽ രണ്ടുദിവസം കിടക്കേണ്ടി വന്ന ദുരവസ്ഥ, മരണാസന്നരോടും മൃതശരീരങ്ങളോടുമുള്ള ക്രൂരമായ അവഗണന ഇതായിരുന്നു ഡൽഹിയിലെ കോവിഡ് രോഗികൾക്കുള്ള ചികിത്സ.
രോഗം ഗുരുതരാവസ്ഥയിൽ ആയി ആശുപത്രികളിൽ കിടക്ക ലഭിക്കാൻ നെട്ടോട്ടമോടേണ്ടി വരുകയും ഒടുവിൽ ഓക്സിജൻ സൗകര്യത്തോടുകൂടി കിടക്ക ലഭിച്ച ആശുപത്രിയിൽ പരിചരണം ലഭിക്കാത്തതുകൊണ്ടുമാത്രം കൂടെ കഴിഞ്ഞ മൂന്ന് രോഗികൾ മരിക്കുന്നത് കാണാനിട വരുകയും ചെയ്ത അവസ്ഥയാണ് രാഹുൽ വിവരിക്കുന്നത്. എഴുന്നേൽക്കാൻ വയ്യാത്ത രോഗികൾക്കുപോലും സഹായങ്ങൾ ചെയ്തു കൊടുക്കാൻ തയാറല്ലാത്ത ജീവനക്കാരുടെയും വഴിപാടുപോലെ തങ്ങളുടെ ജോലിമാത്രം ചെയ്ത പുറംതിരിഞ്ഞു പോകുന്നവരുടെയും അശ്രദ്ധ കൊണ്ടുമാത്രം മരിച്ചുവീണ മൂന്നു ജീവനുകൾ ഉള്ളുപൊള്ളിക്കുകയാണ്. മരിച്ച രോഗികൾ എട്ടും ഒമ്പതും മണിക്കൂറുകൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുക. ഓക്സിജൻ മാസ്ക് മാറിപ്പോയതുകൊണ്ടുമാത്രം മൂന്നുദിവസം ശ്വാസംകിട്ടാതെ അബോധാവസ്ഥയിൽ കഴിഞ്ഞ് മരിക്കുക.
വളരെ നിർവികാരതയോടെ ആ മൃതദേഹങ്ങൾ പൊതിഞ്ഞുമാറ്റുക. ഈ കാഴ്ചകൾ നൽകിയ ഷോക്ക് മാറുന്നില്ലെന്ന് രാഹുൽ കുറിക്കുന്നു. എന്തു സഹായം ആവശ്യപ്പെട്ടാലും അത് തങ്ങളുടെ ജോലിയല്ലെന്ന് കൈയൊഴിയുന്ന ജീവനക്കാരുടെ ഇടയിൽനിന്ന് കേരളത്തിലേക്ക് എത്താൻ ആയതാണ് തെൻറ ജീവൻ രക്ഷപ്പെടാൻ കാരണമെന്നും അദ്ദേഹം പറയുന്നു. എയർ ആംബുലൻസിൽ കോഴിക്കോട് എത്തി, ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അടുത്തിരുന്ന നഴ്സ് പറഞ്ഞപ്പോൾ ഒരാഴ്ചക്കാലം അവഗണനമാത്രം സഹിച്ച രോഗിയുടെ ഉള്ളിൽ ഏറ്റവും സന്തോഷം നിറച്ച അനുഭവമായിരുന്നു എന്ന് രാഹുൽ കുറിക്കുന്നു.
മെഡിക്കൽ കോളജ് ഐ.സി.യുവിൽ നിരന്തരം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിന് കീഴിൽ കഴിയുമ്പോൾ ഡൽഹിയിലെ ആരോഗ്യ സംസ്കാരത്തെക്കുറിച്ചും ചിന്തിച്ചുപോയി. ഇവിടെയും ഐ.സി.യുവിൽ രണ്ട് രോഗികൾ മരിക്കാനിടയാവുകയും അവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തുന്ന ശ്രമങ്ങൾ കണ്ണിൽ കാണുകയും ചെയ്തപ്പോൾ മലയാളികൾ ഓരോ ജീവനും എത്രമാത്രം വില നൽകുന്നുവെന്ന് ബോധ്യപ്പെട്ടതാണെന്നും രാഹുൽ പോസ്റ്റിൽ കുറിക്കുന്നു. ആരോഗ്യസ്ഥിതി ഭേദമാവുകയും ഐ.സി.യുവിൽനിന്ന് മാറുകയും ചെയ്തപ്പോൾ പ്രൈവറ്റ് റൂം ലഭിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ് രാഹുൽ. ഇപ്പോഴും ഓക്സിജൻ സപ്പോർട്ടോടുകൂടി തന്നെയാണ് കഴിയുന്നത് എങ്കിലും കോവിഡ് നെഗറ്റിവ് ആയിട്ടുണ്ടെന്ന് എളമരം കരീം എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.