മനുഷ്യന്റെ സന്തത സഹചാരികളാണ് ഉറുമ്പുകൾ. നമ്മുടെ വീടുകളിലെയും മറ്റും നിത്യ സഞ്ചാരികളാണിവർ. ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഒരു ഉറുമ്പിനെ എങ്കിലും ആരും കാണാതിരിക്കില്ല. എങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും അവയുടെ മുഖം കണ്ടിട്ടുണ്ടോ? സാധ്യത കുറവാണ് കാരണം ആകെ കൂടി ഇത്തിരിയുള്ള ഉറുമ്പുകളുടെ മുഖഭാവം നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുക അസാധ്യമാണ്. ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. കണ്ടാൽ പേടിച്ചു പോകുന്ന അതിക്രൂരമുഖഭാവമുള്ള ഭീകരജീവിയാണ് കാമറയിൽ പതിഞ്ഞിരിക്കുന്നത്. ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങൾ കണ്ടു സോഷ്യൽ മീഡിയ ഒന്നാകെ വിശേഷിപ്പിച്ചത് ഭയാനകം എന്നാണ്.
ലിത്വാനിയൻ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്കാസ് ആണ് ചിത്രം പകർത്തിയത്. 2022 -ലെ നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിൽ കവാലിയാസ്കാസ് ഉറുമ്പിന്റെ ഫോട്ടോ അവതരിപ്പിക്കുകയായിരുന്നു. മൈക്രോസ്കോപ്പ് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിശദാംശങ്ങൾ പകർത്താൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്നതിനാണ് ഈ മത്സരം സംഘടിപ്പിച്ചു വരുന്നത്. തിരഞ്ഞെടുത്ത 57 ചിത്രങ്ങളിൽ ഒന്നായിരുന്നു ഉറുമ്പിന്റെ മുഖത്തിന്റെ ചിത്രം. മൈക്രോസ്കോപ്പിൽ അഞ്ച് തവണ വലുതാക്കിയ ചിത്രത്തിന് മത്സരത്തിൽ സമ്മാനവം ലഭിച്ചു.
ഫോട്ടോയിലെ ഉറുമ്പിന്റെ മുഖത്തിന് ചുവന്ന കണ്ണുകളും സ്വർണ്ണ കൊമ്പുകളും ഉണ്ടായിരുന്നു. ചിത്രം സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം കണ്ട് ഭൂരിഭാഗം ഉപയോക്താക്കളും കുറിച്ചത് ഒരേ ഒരു കാര്യമാണ്. ഭയാനകം എന്നുതന്നെ. ഏതായാലും ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത് ഉറുമ്പാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ഹൊറര്‍ സിനിമയില്‍നിന്നുള്ള ഷോട്ട് അല്ലേയെന്നുമാണ് നെറ്റിസൺസ് ചോദിക്കുന്നത്.
താന്‍ ഒരു വനത്തിനടുത്താണ് താമസിക്കുന്നതെന്നും അതിനാല്‍ ഉറുമ്പിനെ കണ്ടെത്താന്‍ എളുപ്പമായെന്നും കവലിയോസ്‌കാസ് ഇന്‍സൈഡറോട് പറഞ്ഞു.'ഉറമ്പുകള്‍ എപ്പോഴും നിലത്ത് ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ അവയുടെ ഫൊട്ടോ എടുക്കുന്നതു വിരസമാണ്. വിശദാംശങ്ങള്‍, നിഴലുകള്‍, കാണാത്ത കോണുകള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഞാന്‍ എപ്പോഴും തിരയുന്നത്. ഫൊട്ടോഗ്രാഫിയുടെ പ്രധാന ലക്ഷ്യം കണ്ടെത്തലാണ്. സ്രഷ്ടാവിന്റെ മഹത്തരമായ സൃഷ്ടികളും ദൈവത്തിന്റെ രൂപകല്‍പ്പനകള്‍ കാണാനുള്ള അവസരവും ആണ് ഇതിലേക്ക് നമ്മെ അടുപ്പിക്കുന്നത്'-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.