ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥിനി അയച്ച ഇന്റേണ്‍ഷിപ്പ് അപേക്ഷയാണ് വാലന്റൈന്‍സ് ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം ഇഷ്ടപ്പെട്ട സൊമാറ്റോ കമ്പനി തന്നെ വിദ്യാര്‍ഥിനിക്ക് അഭിനന്ദനവുമായി എത്തി.
തമിഴ്‌നാട് സത്യഭാമ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ ദീക്ഷിതക്ക് പ്രൊഡക്ട് ഡിസൈനിങ്ങിലാണ് താത്പര്യം. സൊമാറ്റോയിലേക്കയച്ച ഇന്റേണ്‍ഷിപ്പ് അപേക്ഷയില്‍ തന്റെ യോഗ്യതയേക്കാള്‍ ദീക്ഷിത ഉള്‍പ്പെടുത്തിയത് ആപ്പിന്റെ പോരായ്മകളും അവ തിരുത്താനുള്ള നിര്‍ദ്ദേശങ്ങളുമാണ്.
ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി ഡ്രാഫ്റ്റ് സെക്ഷന്‍ ആരംഭിക്കുക, ഒരു പ്രദേശത്തെ വ്യത്യസ്തവും പ്രശസ്തവുമയ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നതിന് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 'സിങ്ങ്' വീഡിയോകള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.
ഇത് വ്യക്തമാക്കുന്ന പ്രസന്റേഷനും ദീക്ഷിത തയാറാക്കി. പ്രത്യേകം തയാറാക്കിയ ചിത്രീകരണവും പ്രസന്റേഷനില്‍ ഉണ്ടായിരുന്നു.
വാലന്റൈന്‍ സ്‌പെഷല്‍ ഇന്റേണ്‍ഷിപ് പ്രൊപ്പോസല്‍ എന്ന പേരിലായിരുന്നു ഇത്. ''ഈ വാലന്റൈന്‍സ് ദിനത്തില്‍ ഞാന്‍ സൊമാറ്റോയോട് ചോദിക്കുന്നു, ഇന്റേണ്‍ഷിപ്പിന് വേണ്ടി എന്റെ കൂടെ പുറത്ത് വരാമോ'' -എന്നിങ്ങനെ പ്രണയാഭ്യാര്‍ഥന പോലെയുള്ള കുറിപ്പോടെ ഇത് ലിങ്ക്ഡ് ഇന്‍നില്‍ വിദ്യാര്‍ഥിനി പങ്കുവെക്കുകയും ചെയ്തു.
സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍, സൊമാറ്റോ ഫുഡ് ഡെലിവറി സി.ഇ.ഒ രാഹുല്‍ ഗാഞ്ചൂ, സൊമാറ്റോ ഡിസൈന്‍ ലീഡ് വിജയ് വര്‍മ്മ എന്നിവരെയെല്ലാം ടാഗും ചെയ്തിരുന്നു. 8,000 ലൈക്ക് ലഭിച്ച പോസ്റ്റില്‍ നൂറുകണക്കിന് പേര്‍ പ്രതികരണവുമായി എത്തുകയും ചെയ്തു. പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും തങ്ങള്‍ ഉടന്‍ പ്രതികരണം അറിയിക്കാമെന്നും രാഹുല്‍ ഗാഞ്ചൂ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.