തെലങ്കാന: ഏതാണ്ട് 20 വർഷം മുമ്പ് തനിക്ക് ലഭിച്ച ശമ്പളത്തെ കുറിച്ച് ഹൈദരാബാദിലെ ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. 16 വർഷം മുമ്പാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 2004ൽ ന്യൂറോളജിയിൽ പി.ജി പൂർത്തിയാക്കിയതിനു ശേഷം ജോലിക്കു ചേർന്ന തനിക്ക് 9000 രൂപയാണ് ശമ്പളമായി ലഭിച്ചതെന്നാണ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ ട്വിറ്ററിൽ കുറിച്ചത്.
കുറഞ്ഞ ശമ്പളത്തെ കുറിച്ച് തന്റെ അമ്മക്ക് എപ്പോഴും വേവലാതിയായിരുന്നുവെന്നും ഡോക്ടർ പറയുന്നു. ഞാൻ ആ ശമ്പളത്തിൽ സന്തോഷവാനായിരുന്നു. എന്നാൽ എന്റെ അമ്മക്ക് അൽപം ആശങ്കയുണ്ടായിരുന്നു. എന്റെ അച്ഛൻ സർക്കാർ ഓഫിസിലായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പ്യൂണിനു പോലും ഇതിനേക്കാൾ മെച്ചമായ ശമ്പളമായിരുന്നു. അതാണ് അമ്മയെ വിഷമിപ്പിച്ചത്. 12 വർഷം സ്കൂൾ പഠനവും അതു കഴിഞ്ഞ് എം.ബി.ബി.എസും പി.ജിയുമായി 12 വർഷവും കഠിനമായി കഷ്ടപ്പെട്ട് പഠിച്ചതിന് അമ്മ സാക്ഷിയാണ്.
അമ്മയുടെ വേദന ആർക്കും മനസിലാക്കാൻ പറ്റുമല്ലോ-കുമാർ പറയുന്നു. പഠനകാലത്ത് കുറെ കാലം എന്നെ കാണാൻ ആരും വന്നിരുന്നില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നില്ല കുടുംബം. ബിഹാറിൽ നിന്ന് വെല്ലൂരിലേക്ക് സെക്കന്റ് ക്ലാസ് ട്രെയിനിലായിരുന്നു അന്ന് യാത്ര. അഡ്മിഷൻ എടുത്തതും ഫീസടച്ചതും എല്ലാം സ്വന്തംനിലക്കാണ്. മാതാപിതാക്കൾ മകന്റെ ഒപ്പം വരാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല.
എം.ബി.ബി.എസിനു പഠിക്കുമ്പോൾ തനിക്ക് രണ്ട് സെറ്റ് വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഡോക്ടർ ഓർക്കുന്നു. സീനിയർ വിദ്യാർഥികളിൽ നിന്ന് പഴയ പുസ്തകങ്ങൾ വാങ്ങിയാണ് പഠിച്ചത്. പുതിയ എഡിഷൻ പുസ്തകങ്ങൾക്ക് ലൈബ്രറിയെ ആശ്രയിച്ചു. ഒരിക്കൽ പോലും ഭക്ഷണം കഴിക്കാൻ റസ്റ്റാറന്റുകളിൽ പോയില്ല. സിനിമ കണ്ടില്ല. ഒരു സിഗരറ്റ് പോലും വലിക്കുകയോ മദ്യപിക്കുകയോ ചെയ്തില്ല. -അദ്ദേഹം പറയുന്നു. അക്കാലത്ത് പി.ജി മെഡിക്കൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റായി ലഭിച്ചത് 8000 രൂപയായിരുന്നുവെന്ന് ഒരാൾ പോസ്റ്റിനു താഴെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.