​''ഉപ്പച്ച്യെ ...നിക്കിന്ന് രാത്രി ബിരിയാണി വേണം...'' ഉംറക്കിടയിൽ മരിച്ച പൊന്നുമോന്റെ വാക്കുകൾ ഓർത്തെടുത്ത് നാസർ

ഉപ്പയുടെ വിരൽത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയ അബ്ദുറഹ്മാന്റെ വിയോഗം വേദനയോടെയാണ് നാടും വീടും കേട്ടത്. മാതാവിനും മറ്റ് സഹോദരങ്ങൾക്കുമൊപ്പമാണ് ഉംറ നിർവഹിക്കാൻ ഒമ്പതു വയസുള്ള അബ്ദുറഹ്മാനും എത്തിയത്. മുക്കം കാരശ്ശേരി കക്കാട് സ്വദേശിയാണ്. തിങ്കളാഴ്ച ഉംറ നിർവഹിച്ച് മുറിയിലെത്തി വിശ്രമിച്ച് മസ്ജിദുൽ ഹറാമിലേക്ക് നമസ്കാരത്തിനായി പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിമിഷ നേരം കൊണ്ടാണ് ഓടിച്ചാടി നടന്നിരുന്ന മകൻ ആശുപത്രി മോർച്ചറിയിലെത്തിയതെന്ന് ഉപ്പ നാസർ പറയുന്നു. വേദന നിറഞ്ഞ ആ നിമിഷത്തെ കുറിച്ച് മുസ്തഫ മലയിൽ എഴുതിയ കുറിപ്പ് ആരുടെയും കണ്ണുനനയിക്കുന്നതാണ്. കുറിപ്പിന്റെ പൂർണ രൂപം:

ഉപ്പച്ച്യെ ...നിക്കിന്ന് രാത്രി ബിരിയാണി വേണം... 

ഉംറക്കിടയിൽ അബ്ദുറഹ്മാൻ എന്നോട് പറഞ്ഞെന്ന് പറഞ്ഞ് നാസർക്ക മുഖം പൊത്തി കരഞ്ഞു. അൽപം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോൻ നിമിഷാർധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോർച്ചറിയുടെ മുന്നിൽ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം. ഒന്ന് ചേർത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഒരു വർണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറിപ്പറന്ന് നടന്നവൻ.

ഉപ്പയും ഉമ്മയും സഹോദരങ്ങളോടുമൊപ്പം ഉംറ പൂർത്തീകരിച്ചവൻ. ഉമ്മയെയും പെങ്ങന്മാരെയും ഹറമിൽ തന്നെ നിർത്തി മഗ്‌രിബിന്‌ മുമ്പ് ഒന്ന് റൂമിൽ പോയി കുളിച്ച്‌ വസ്ത്രം മാറി വരാൻ പോയതാണ് അവനും ഉപ്പയും. കുളി കഴിഞ്ഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാൻ എന്ന പൊന്നുമോൻ പെട്ടെന്ന് കുഴഞ്ഞു വീണു. പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്റെ മോൻ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ്ഞ് തേങ്ങി തേങ്ങി നാസർക അദ്ദേഹത്തിന്റെ ഫോണിൽ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു. വിവിധ മത്സരങ്ങൾക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങൾ. നിസ്സംഗനായി നോക്കി നിൽക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.

നടപടിക്രമങ്ങളെല്ലാം പൂർത്തിയായി ഇന്ന് അസർ നമസ്കാരത്തിന് ഹറമിൽ വെച്ച് ലക്ഷങ്ങൾ മയ്യത്ത് നമസ്കരിച്ച് ഉമ്മുൽ മുഹ്മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം. ഖബറിലേക്ക് ഇറക്കി വെക്കാൻ കൂടെ നാസർകയും ഇറങ്ങി . വിറയാർന്ന കൈകളോടെ ഇഖ്ലാസിന്റെ കരുത്തിൽ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങൾ ഏറ്റുവാങ്ങി . മണ്ണിനോട് ചേർത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയിൽ നാസർക്കയുടെ അന്ത്യ ചുംബനം . ഖബറിൽ മുട്ടുകുത്തിയിരുന്ന് ആർത്തനാദം .കൂടെയുള്ളവർ അദ്ധേഹത്തെ കൈപിടിച്ച് ഖബറിൽ നിന്ന് കയറ്റി . പ്രാർത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു . കൂടി നിൽക്കുന്നവരുടെ കണ്ണിൽ ഇരുൾ പരക്കുന്നു .പൊന്നുമൊന്റെ കണ്ണിൽ നിലാവ് പരക്കുന്നുണ്ടാവും. അവൻ നിത്യ സ്വർഗത്തിലേക്ക് യാത്രയാവുകയാണല്ലോ. പ്രാർത്ഥനയോടെ മടക്കം ..!എല്ലാവരും മടങ്ങി ..!പതിയെ ഒരു സലാം പറഞ്ഞ് ഞാനും ...അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്മാൻ...

Tags:    
News Summary - father remembered the words of son who died during Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.