തെരുവിലെ പൂ കച്ചവടക്കാരിയുടെ യാഥാർഥ്യം അറിഞ്ഞ് അമ്പരന്ന് നെറ്റിസൺസ്; വൈറൽ ചിത്രങ്ങൾ കാണാം

ഏതൊരു നഗരത്തിരക്കിലും അവരെ കാണാനാകും. ചിലപ്പോൾ കടുത്ത വെയിലത്ത് ഹൈവേകളുടെ ഓരങ്ങളിൽ, അല്ലെങ്കിൽ ട്രാഫിക് സിഗ്നലുകളിൽ ചുവപ്പുവീഴുന്നതും കാത്ത്, ചിലപ്പോൾ നടപ്പാതകളിൽ...തെരുവ് കച്ചവടക്കാരാണവർ. കൗതുകമുള്ള ചെറു വസ്തുക്കളുമായും, സീസൺ അനുസരിച്ച് പൂക്കളും പതാകകളും ആയെല്ലാം ഇത്തരം മനുഷ്യർ തെരുവിലുണ്ടാകും. അഴിഞ്ഞ ദിവസം അത്തരമൊരു പൂ കച്ചവടക്കാരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാലിവർ ആരാണെന്നറിഞ്ഞതോടെ അമ്പരപ്പിലാണ് നെറ്റിസൺസ്.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നഗരമാണ് ബാംഗ്ലൂര്‍. നഗരത്തിരക്കിലേക്ക് ഇറങ്ങിയാല്‍ പിന്നെ ആ ഒഴുക്കിനനുസരിച്ചാകും നമ്മുടെ യാത്രയും. എത്ര നേരത്തെ എത്തണമെന്ന് കരുതിയാലും സിഗ്നലുകളും ട്രാഫിക് ജാമുകളും യാത്രയ്ക്ക് വിഘാതമാകും. അവിടെയാണ് നമ്മുടെ പൂക്കച്ചവടക്കാരി കച്ചവടത്തിനിറങ്ങിയത്. കണ്ടാല്‍ ഏതൊരു ഇന്ത്യന്‍ നഗരത്തിലെയും പൂവില്‍പ്പനക്കാരി തന്നെയാണിവരും. എന്നാല്‍, ഇത് കോഴിക്കോട് സ്വദേശിനിയും മോഡലുമായ അൻഷ മോഹനായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന ബിനു സീന്‍സ് എന്ന ഫോട്ടോഗ്രവഫറാണ് ചിത്രങ്ങൾ എടുത്തത്.

അന്‍ഷയോട് ഇത്തരമൊരു ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ നൂറ് സമ്മതമായിരുന്നെന്ന് ബിനു പറയുന്നു. നേരത്തെ നിരവധി പേര്‍ തെരുവില്‍ നിന്ന് തന്നെയുള്ള ആളുകളെ വച്ച് മെയ്ക്കോവര്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിരുന്നു. എന്നാല്‍, ഈ ഫോട്ടോഷൂട്ട് നേരെ തിരിച്ചായിരുന്നു. പ്രഫഷണല്‍ മോഡലിനെ മെയ്ക്കോവര്‍ ചെയ്ത് തെരുവിലെ പൂ വില്‍പ്പനക്കാരിയാക്കുകയായിരുന്നു. തെരുവില്‍ നടന്ന് കച്ചവടം ചെയ്യുന്നവരുടെ മാനറിസങ്ങള്‍ മനസിലാക്കി അത്തരത്തില്‍ പ്രതികരിക്കാനാണ് ശ്രമിച്ചതെന്നും ബിനു പറയുന്നു.


തെരുവില്‍ ജീവിക്കുന്നവര്‍ പൊതു സമൂഹത്തിന്‍റെ നിരവധി ആക്ഷേപങ്ങള്‍ക്കും വാക്കുകൊണ്ടുള്ള കൈയേറ്റത്തിനും ഇരയാക്കപ്പെടുന്നുവെന്ന് ഫോട്ടോഗ്രാഫറായ ബിനു പറയുന്നു. തങ്ങളുടെ ഷൂട്ടിനിടെയും അത്തരം അനുഭവങ്ങളുണ്ടായിരുന്നു. അന്‍ഷയോട് മോശമായി സംസാരിച്ച് കൊണ്ട് ചിലര്‍ എത്തിയിരുന്നുവെന്നും ബിനു ചൂണ്ടിക്കാണിച്ചു.

വിമർശിച്ചും പുകഴ്ത്തിയും കാഴ്ച്ചക്കാർ

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവെൻസർകൂടിയായ അൻഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്കും റീലുകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇവർ പോസ്റ്റ് ചെയ്ത റീൽസിൽ ക്ലാസ് ഐഡന്റിറ്റിയെ മാനിക്കാത്തതാണ് ഈ പോസ്റ്റെന്ന് പറയുന്ന നിരവധി കമന്റുകളാണ് ലഭിച്ചത്.


സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്ന ആളുകളുടെ ജീവിതം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കാഴ്ചകൾ നേടുന്നത് പലരും യോജിച്ചില്ല. ചർമ്മത്തിന്റെ നിറവും സാമ്പത്തിക പശ്ചാത്തലവും കാരണം സമൂഹത്തിൽ നേരിടുന്ന അനീതികളെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഇത് ചെയ്തതെന്ന് ഈ പോസ്റ്റിനെ ന്യായീകരിച്ച ആളുകൾ പറഞ്ഞു.'ഇതൊരു പെർഫോമൻസ് ആർട്ടായി കരുതുക. സുന്ദരമായ ചർമ്മത്തോടുള്ള അഭിനിവേശം ഇന്ത്യക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവൾക്ക് കൂടുതൽ സാധിച്ചിട്ടുണ്ട്'-ഒരാൾ കുറിച്ചു. 

Tags:    
News Summary - Instagram Influencer Ansha Mohan Gets Backlash For Darkening Her Skin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.