ദുബൈ: പുതുവൽസരാഘോഷം അടിപൊളിയായി സമാപിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത് ഒരു റസ്റ്ററൻറ് ബിൽ. ദുബൈ ഡൗൺടൗണിൽ പുതുവൽസര രാവിൽ ചിലവഴിച്ച ഒരാൾക്ക് ലഭിച്ച 6.20ലക്ഷം ദിർഹമിന്‍റെ(ഏകദേശം 1.25കോടി രൂപ) ബില്ലാണ് വൈറലായത്. റസ്റ്ററൻറ് നടത്തിപ്പുകാരനായ മെർട് തുർക്മെൻ എന്നയാളാണ് ബിൽ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. 18പേർക്ക് ഒരുക്കിയ സൗകര്യങ്ങൾക്കാണ് ഇത്രയും ബില്ലായത്. ആർക്കാണ് ബില്ല് നൽകിയതെന്നോ മറ്റു വിവരങ്ങളോ ലഭ്യമാക്കിയിട്ടില്ല. ‘ആദ്യത്തേതല്ല, അവസാനവുമല്ല’ എന്ന കാപ്ഷനോടെയാണിത് പോസ്റ്റ് ചെയ്തത്. ബിൽ ശ്രദ്ധിക്കപ്പെട്ടതോടെ വളരെ വേഗത്തിൽ മറ്റു സാമൂഹിക മാധ്യമങ്ങളിലും ആളുകൾ പങ്കുവെച്ചു.
നേരത്തെ അബൂദബിയിലെ ഒരു റസ്റ്ററന്‍റിലെ ബില്ലും സമാനമായ രീതിയിൽ വൈറയാലിരുന്നു. 6.15ലക്ഷം ദിർഹമാണ് ഇതിലുണ്ടായിരുന്നത്. ദുബൈയിൽ ശനിയാഴ്ചത്തെ ഗംഭീരമായ പുതുവത്സരാഘോഷങ്ങൾ കാണുന്നതിനായി വിനോദസഞ്ചാരികളും താമസക്കാരും ഡൗൺടൗൺ ഭാഗത്താണ് പ്രധാനമായും റസ്റ്റോറന്‍റുകൾ തെരഞ്ഞെടുത്തത്. ബുർജ് ഖലീഫക്ക് സമീപത്താണ് ലോകത്തെ നിരവധി സെലിബ്രിറ്റികളും ആഘോഷത്തിന് എത്തിയിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും നടിയും ഭാര്യയുമായ അനുഷ്ക ശർമയും പുതുവൽസര രാവിൽ ബുർജ് ഖലീഫക്ക് സമീപത്ത് നിൽക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.