ടലഹാസി (ഫ്ലോറിഡ): അമേരിക്കയിലെ ഫ്ലോറിഡയിലാകെ ഇയാൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് നാശം വിതച്ച വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയടിച്ച ഇവിടെ, സാഹസികമായി വാർത്താ റിപ്പോർട്ടിങ്ങിനിറങ്ങിയ മാധ്യമപ്രവർത്തകന്‍റെ വീഡിയോ ആണ് വൈറലാകുന്നത്.
ചുഴലിക്കാറ്റിന്‍റെ വിവരങ്ങൾ ലൈവിൽ നൽകുന്നതിനിടെ വീശിയടിക്കുന്ന കാറ്റിൽ തെന്നിപ്പോകുകയാണ് റിപ്പോർട്ടർ. പറന്നുപോകാതിരിക്കാൻ സമീപത്തെ കമ്പിയിൽ പിടിച്ചും തറയിൽ കൈകൾ കുത്തിയും ഏറെ നേരം നിൽക്കേണ്ടി വന്നു അദ്ദേഹത്തിന്. തുടർന്ന് സുരക്ഷിതസ്ഥാനത്തേക്ക് ഓടിക്കയറുന്നതാണ് ദൃശ്യങ്ങളിൽ.
ഫ്ലോറിഡ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് വീശിയടിച്ചത്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. റോഡുകളടക്കം വെള്ളത്തിലായി. 1.8 ദശലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്. ബോട്ടിൽ സഞ്ചരിക്കവെ 20 കുടിയേറ്റക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്.
വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകള്‍ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ടു മൂടുകയും ചെയ്തു. കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ഫ്ലോറിഡയിലെത്തുന്നതിനു മുന്‍പ് ക്യൂബയിലാണ് ഇയാന്‍ നാശം വിതച്ചത്. ക്യൂബയിൽ രണ്ടു പേര്‍ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.