മന്ത്രി സജി ചെറിയാന്റെ രാജിക്കുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊന്തശാപം.മുൻ എം.എൽ.എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ 'കൊന്ത' പരാമര്‍ശമാണ് സോഷ്യൽമീഡിയയിൽ രസകരമായ ചർച്ചക്ക് കാരണമായത്. പ്രധാനമായും സൈബര്‍ കോണ്‍ഗ്രസുകാരാണ് പുതിയ കണ്ടെത്തലുമായി രംഗത്ത് ഇറങ്ങിയത്. രണ്ടാം തീയതി പീഡനക്കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്ന ഉഷാ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം. ഈ പരാമർശങ്ങൾ അന്നുതന്നെ ട്രോളന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
'ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ'എന്നും ഉഷാ ജോർജ് ചോദിച്ചിരുന്നു.
'തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പിസി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പൊരിക്കല്‍ പറഞ്ഞത്. അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടും'-ഉഷ ആരോപിക്കുന്നു.
ഉഷയുടെ പരാമർശങ്ങൾ വന്ന് നാലാം ദിവസമാണ് വിവാദങ്ങളിൽെപ്പട്ട് മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുന്നത്. ഇതോടെയാണ് കൊന്തശാപമാണ് ഇതിന്റെ 'യഥാർഥ' കാരണമെന്ന് പറഞ്ഞ് നെറ്റിസൺസ് രംഗത്തുവന്നത്.
'ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെ ആയില്ല, ആഴ്ചയൊന്ന് തികയുന്ന മുന്നേ ആദ്യ വിക്കറ്റ് വീണു', 'കൊന്ത പ്രവര്‍ത്തിച്ചു, വിക്കറ്റ് വീണു', 'ഉഷേച്ചിയുടേത് ഒന്നൊന്നരം കൊന്ത ശാപം, നാലാം ദിവസത്തില്‍ ഫലിച്ചു' എന്നിങ്ങനെ പോകുന്നു ട്രോളന്മാരുടെ പ്രതികരണങ്ങൾ. ഉഷ ജോർജിന്റെ വീഡിയോയും ട്രോളുകളായി ഇവർ പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.