കുത്തൊഴുക്കിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി; ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകരും നീന്തിക്കയറി -വീഡിയോ വൈറൽ

സേലം: മിന്നൽ പ്രളയത്തിൽ വെള്ളച്ചാട്ടത്തിലുണ്ടായ കുത്തൊഴുക്കിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രക്ഷാപ്രവർത്തകർ ഒഴുക്കിൽപ്പെടുന്നതും നീന്തിക്കയറുന്നതും വീഡിയോയിലുണ്ട്. തമിഴ്നാട് സേലം ജില്ലയിലെ ആനൈവാരിയിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവെച്ചു.

ആനൈവാരി മുട്ടൽ വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയും സമീപത്തെ പാറക്കെട്ടിൽ അമ്മയും കുഞ്ഞും കുടുങ്ങുകയുമായിരുന്നു. ഇവരെ സാഹസികമായി രക്ഷപ്പെടുത്തുന്നതും അതിനുശേഷം രക്ഷാപ്രവർത്തകർ കാൽവഴുതി വെള്ളത്തിലേക്ക് വീഴുന്നതും നീന്തി രക്ഷപ്പെടുന്നതും ഉദ്വേഗത്തോടെ നാട്ടുകാർ നോക്കി നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.

ആനൈവാരി മുട്ടൽ വെള്ളച്ചാട്ടം സേലം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. കനത്ത മഴ പെയ്താൽ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാകുന്ന പ്രദേശമാണിത്. കുഞ്ഞിനെ മുറുകെപ്പിടിച്ചുകൊണ്ട് അമ്മ ഒരു പാറയുടെ മുകളിൽ ധൈര്യം കൈവിടതെ നിൽക്കുന്നതിന്റെ ദൃശ്യങ്ങളുമായാണ് വീഡിയോ തുടങ്ങുന്നത്. അവർക്ക് മുന്നിലൂടെ കലിതുള്ളി ഒഴുകുന്ന വെള്ളത്തെ വകവെക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ യുവതിയെയും കുഞ്ഞിനെയും കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. കുട്ടിയെ ശ്രദ്ധാപൂർവം ഉയർത്തുന്നതും തുടർന്ന് കയറിന്റെ സഹായത്തോടെ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. പിന്നെയാണ് കാഴ്ചക്കാരെ നടുക്കി അവർ ഒഴുക്കിൽപ്പെടുന്നതും കരകയറുന്നതും.

മലവെള്ളപ്പാച്ചിലിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ നടത്തിയ സാഹസിക നടപടിയെ പ്രശംസിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വീഡിയോ പങ്കുവെച്ചത്. 'അമ്മയെയും മകളെയും രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരുടെ ധീരമായ പ്രവൃത്തി അഭിനന്ദനീയമാണ്' - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താൻ മുന്നോട്ട് വന്നവരെ പ്രശംസിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

Tags:    
News Summary - TN Salem Mother and child trapped in flash floods rescued Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.