ക്രൊയേഷ്യൻ -സെർബിയൻ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡേവിഡ് വുജാനിക് ഖത്തർ വേൾഡ് കപ്പിനെത്തിയപ്പോൾ പുതിയ ഒരു 'അത്ഭുതം' കണ്ടെത്തിയിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളാണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിറയെ. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ ആ സാധനം എന്താണെന്നല്ലേ, യൂറോപ്പ്യൻ ക്ലോസറ്റിനൊപ്പമുള്ള ഹെൽത്ത് ഫോസെറ്റ് (ടോയ്ലെറ്റ് പൈപ്പ്). ഇത് വളരെ ഉപകാരപ്രദമാണെന്നും പടിഞ്ഞാറൻ രാജ്യങ്ങൾ എന്തുകൊണ്ട് ഇവ ഉപയോഗിക്കുന്നില്ലെന്നുമാണ് അദ്ദേഹം ആശ്ചര്യപ്പെടുന്നത്.
'ബം ഷവർ' എന്നാണ് അദ്ദേഹം ഹെൽത്ത് ഫോസെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഖത്തറിൽ ഒരുമാസം ടോയ്‍ലറ്റ് ബം ഷവർ ഉപയോഗിച്ചു. യൂറോപ്പിലും യു.കെയിലും ടോയ്ലറ്റ് പേപ്പറുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ഏറ്റവും നല്ലതാണ്.' - അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞാൻ ഫ്രാൻസിൽ വെച്ച് ബിഡെറ്റ് ഉപയോഗിച്ചിട്ടുണ്ട്. അത് നല്ലതാണ്. പക്ഷേ, വളരെ വലുതാണ്. എന്നാൽ ഇത് ലളിതമായ, ശക്തിയോടുകൂടി വെള്ളം ചീറ്റുന്ന ഷവർ ഹെഡാണ്. ഇത് കൂടുതൽ ഉപയോഗ പ്രദവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. ഞാൻ ലണ്ടനിൽ തിരിച്ചെത്തിയാൽ ഇൗ സൗകര്യം സ്വയം ലഭ്യമാക്കും. എന്റെ ആസനം എന്നും കടപ്പെട്ടിരിക്കുന്നു. - അദ്ദേഹം ട്വീറ്റിന്റെ കമന്റ് വിഭാഗത്തിൽ അഭിപ്രായപ്പെട്ടു.
ബം ഷവറിന്റെ ചിത്രം ടീ ഷർട്ടിൽ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇപ്പോൾ ഷാതാഫ അൾട്രാ ഗ്രൂപ്പിന്റെ സ്വയം പ്രഖ്യാപിത സ്ഥാപകനാണ്. ബം ഷവർ ഭ്രാന്തൻ. നമുക്ക് മുന്നോട്ട് പോകാം' - അദ്ദേഹം ട്വീറ്റ് ചെയ്തു.
നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇത് സൗത് ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നതാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ വെള്ളത്തിന് പണം നൽകണ്ടേതില്ലെന്നും യു.കെയിൽ ബം ക്ലീനിങ് ചെലവേറിയതാകുമെന്നതിനാൽ ടോയ്ലറ്റ് പേപ്പർ തന്നെ ഉപയോഗിക്കുകയായിരിക്കും നല്ലതെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.