ഭീമാകാരമായ രാജവെമ്പാലയെ യുവാവ് സധൈര്യം പിടികൂടുന്നതിന്‍റെ വിഡിയോ വൈറലായി. തായ്ലാൻഡിലാണ് സംഭവം.
തെക്കൻ തായ് പ്രവിശ്യയായ ക്രാബിയിലെ ഈന്തപ്പനത്തോട്ടത്തിൽ കയറിയ രാജവെമ്പാല സെപ്‌റ്റിക് ടാങ്കിൽ ഒളിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അധികൃതരെ വിവരമറിയിച്ചത്.
ഭീമാകാരമായ രാജവെമ്പാലക്ക് 4.5 മീറ്റർ വലിപ്പവും 10 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. ഏകദേശം 20 മിനിറ്റ് സമയമെടുത്താണ് ആവോ നാങ് സബ്ഡിസ്‌ട്രിക്‌റ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓർഗനൈസേഷനിലെ വളന്‍റിയറായ സുതി നെയ്‌ഹാദി പാമ്പിനെ പിടികൂടിയത്.
ഇയാൾ പാമ്പിനെ തുറന്ന റോഡിലേക്ക് വശീകരിച്ച ശേഷമാണ് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പിടിക്കാൻ ശ്രമിക്കുമ്പോൾ രാജവെമ്പാല ചെറുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പാമ്പ് വായ തുറന്ന് നെയ്‌ഹാദിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചെറുത്തുനിന്നു. ഒടുവിൽ തന്ത്രപൂർവം പാമ്പിനെ കൈപിടിയിലൊതുക്കുകയായിരുന്നു.
പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. ഈ പ്രദേശത്ത് മറ്റൊരു രാജവെമ്പാലയെ നാട്ടുകാർ കൊന്നിരുന്നു. അത് ഇതിന്‍റെ ഇണയാകാൻ സാധ്യതയുണ്ടെന്നും അതിനെ തേടി വന്നതാകാമെന്നും നെയ്ഹാദ് പറഞ്ഞു. ധാരാളം രാജവെമ്പാലകളുള്ള നാടാണ് തായ്ലാൻഡ്. ലോകത്തിലെ ഏറ്റവും നീളമുള്ള (18 അടിയും നാല് ഇഞ്ചും) രാജവെമ്പാലയെ കണ്ടെത്തിയതും ഇവിടെനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.