ട്രോളുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് സമൂഹമാധ്യമങ്ങൾ. ചെറിയൊരു കമന്‍റ് പോലും കുറിക്കുകൊള്ളുന്ന കിടിലൻ സാമൂഹിക, രാഷ്ട്രീയ വിമർശനമായി മാറാം. അത്തരമൊരു കമന്‍റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
സൂപ്പർ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ 27ാം വാർഷികത്തിൽ നടി ശോഭന ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് ഇട്ടിരുന്നു. തന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രമായ നാഗവല്ലിയെ ഓർമിക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നായിരുന്നു ശോഭന കുറിച്ചത്.
ഇതിന് ഒരാൾ ഫേസ്ബുക്കിൽ നൽകിയ മറുപടിയാണ് വൈറലായത്. 'ഞങ്ങൾ നകുലനെ കുറിച്ചാണ് ചിന്തിക്കുന്നത്. നകുലൻ ഇപ്പോൾ ഒരു മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നത്' എന്നായിരുന്നു പദ്മനാഭൻ ടി.പി എന്നയാളുടെ കമന്‍റ്. മണിച്ചിത്രത്താഴ് ചിത്രത്തിൽ നകുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സുരേഷ് ഗോപിയെ ലക്ഷ്യമിട്ടായിരുന്നു കമന്‍റ്. ഇതാകട്ടെ, വാർത്തയോളം ഹിറ്റാവുകയും ചെയ്തു.
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്ക് വിധേയനായതാണ് ബി.ജെ.പി എം.പി കൂടിയായ സുരേഷ് ഗോപി. ആയിരം പഞ്ചായത്തുകളെങ്കിലും ബി.ജെ.പി തരൂ എന്നുള്ള എം.പിയുടെ പ്രസ്താവന വ്യാപകമായി ട്രോളപ്പെട്ടിരുന്നു. കേരളത്തിൽ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂവെന്നാണ് ട്രോളന്മാർ എം.പിയെ ഓർമിപ്പിച്ചത്.
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പിനിടെ നടത്തിയ 'തൃശൂർ ഞാനിങ്ങെടുക്കുവാ' പ്രസ്താവനയും ഹിറ്റായിരുന്നു. ഇതുകൂടാതെ, സുരേഷ് ഗോപിയുടെ സമീപകാലത്തെ നിരവധി പ്രസ്താവനകളും വിമർശനങ്ങൾക്കും കളിയാക്കലിനും വിധേയമായിരുന്നു. ഇതെല്ലാം ഓർമിപ്പിച്ചുകൊണ്ടാണ് ശോഭനയുടെ പ്രസ്താവനക്ക് ആറ്റിക്കുറുക്കിയുള്ള മറുപടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.