'മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ ചെയ്തയാളെ ആളുകള്‍ ന്യായീകരിക്കുന്നു...' -സിവികിനെതിരെ യുവതി

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. സാംസ്‌കരിക പ്രവര്‍ത്തകന്‍, കവി, കലാപ്രവര്‍ത്തകന്‍ എന്നെക്കെയുള്ള ബാനറില്‍ അറിയപ്പെടുന്ന സിവിക് ചന്ദ്രനില്‍ നിന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് നിര്‍മ്മിക്കുന്നതെന്നും ആ സമയം അയാള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും ഇന്ന് ഉണ്ടെന്നും കുറിപ്പിൽ യുവതി പറയുന്നു.

'വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മന്റെ്' ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. അയാളുടെ മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ പെരുമാറിയ അയാളെ ആളുകള്‍ ന്യായീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവതി എഴുതുന്നു.

സിവിക് ചന്ദ്രൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെന്ന് വ്യക്തമാക്കി നേരത്തെ എഴുത്തുകാരി ചിത്തിര കുസുമൻ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി യുവതി രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

ഒരു സൗഹൃദസദസ്സില്‍ നിന്നാണ് ഞാന്‍ ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത്. എന്നെ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാമായിരുന്നു അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍. അതിനാലാണ് കവിത വായനയും ചര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഞങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷം ഞങ്ങള്‍ എല്ലാവരുംകൂടി ഒത്തുകൂടിയിരുന്ന വീട്ടില്‍നിന്നിറങ്ങി തൊട്ടരികിലായുള്ള കടല്‍ തീരത്തേക്ക് നടന്നു. ആ സമയമാണ് അതുവരെ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന സിവിക് എന്റെ കൈയ്യില്‍ കയറിപിടിക്കുകയും ശരീരത്തിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ നോക്കുകയും ചെയ്തത്. ഞാന്‍ അയാളെ തള്ളിമാറ്റി. പറ്റുന്നത്ര അയാളില്‍നിന്ന് ഒഴിഞ്ഞുമാറി നടന്നു.

കടല്‍തീരത്തെത്തിയപ്പോള്‍ എല്ലാവരും പലയിടങ്ങളിലായി ഇരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ കടലിനോട് ചേര്‍ന്നുള്ള തിണ്ടില്‍ ഇരുന്നു. ഈ സമയം സിവിക് അരികില്‍ വരികയും മടിയില്‍ പിടിച്ച് കിടത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടയില്‍ അയാല്‍ ശരീരത്തിലൂടെ കൈയ്യോടിക്കാന്‍ നോക്കുകയുണ്ടായി. ഇപ്പോഴും ഓര്‍മ്മിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് അതെനിക്ക് സമ്മാനിക്കുന്നത്. നാണക്കേടുകൊണ്ടും ഭയങ്കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മറ്റുള്ളവര്‍ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നെങ്കില്‍ അവരപ്പോള്‍ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കടലിലേക്കിറങ്ങി നില്‍ക്കുന്ന പറപ്പുറത്തേക്ക് കയറി അയാളില്‍നിന്ന് രക്ഷപെടാന്‍ മറ്റുചിലര്‍ക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാന്‍ ചെന്നിരുന്നത്. കൂടെയുണ്ടായിരുന്ന കവയത്രി ആ സമയം എന്നെ ചേര്‍ത്തുപിടിക്കുകയും അയാളോടുള്ള അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്ര ആളുകള്‍ കൂടിച്ചേര്‍ന്ന ഇടമല്ലേ, പ്രശ്നമുണ്ടാക്കണ്ട എന്നൊക്കെയായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. എന്നാല്‍ കടലില്‍നിന്ന് തിരിച്ചുവന്നതിനുശേഷം രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടിവന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളതെനിക്ക് വാരിത്തരാന്‍ ശ്രമിച്ചു. സഹികെട്ട് കഴിച്ചിരുന്ന ഭക്ഷണംപോലും ഞാന്‍ കൊണ്ടുപോയി കളഞ്ഞു. സാംസ്‌കരിക പ്രവര്‍ത്തകന്‍, കവി , കലാപ്രവര്‍ത്തകന്‍ എന്നെക്കെയുള്ള ബാനറില്‍ അറിയപ്പെടുന്ന സിവിക് ചന്ദ്രനില്‍ നിന്ന് അന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് ഇന്നെന്നില്‍ നിര്‍മ്മിക്കുന്നത്. ആ സമയം അയാള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും ഇന്നെനിക്കുണ്ട്. ഈ അവസരത്തില്‍ പറഞ്ഞില്ലെങ്കില്‍ അതെന്നെ അയാളില്‍നിന്ന് നേരിട്ട അനുഭവത്തേക്കാല്‍ കൂടുതല്‍ മാനസികപ്രശ്നത്തിലാഴ്ത്തും. അതിനാല്‍ ഇതെഴുതുന്നു. അയാളുടെ മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ പെരുമാറിയ അയാളെ ആളുകള്‍ ന്യായീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നു. യാതൊരു താല്‍പ്പര്യവും ഇല്ലെന്നറിഞ്ഞിട്ടും ഒരുസ്ത്രീയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന അയാളുടെ പ്രവര്‍ത്തികളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക?

Full View

Tags:    
News Summary - Women Against Sexual Harassment me too against Civic Chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.