'വംശഹത്യക്ക് കൂട്ടുനിന്നുകൊണ്ട് നിങ്ങൾക്കെങ്ങിനെ ആശംസ നേരാൻ കഴിയുന്നു'; ബൈഡന്‍റെ ഈദ് ആശംസക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഈദുൽ ഫിത്ർ ആശംസകളിൽ വ്യാപക വിമർശനം. ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനിന്നുകൊണ്ട് എങ്ങിനെയാണ് ഈദ് ആശംസിക്കാൻ സാധിക്കുന്നതെന്നാണ് യു.എസ് പ്രസിഡന്‍റിന്‍റെ സമൂഹമാധ്യമ പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.

'ഈദ് ആഘോഷത്തിനായി മുസ്ലിം കുടുംബങ്ങളും സമൂഹങ്ങളും ഒത്തുചേരുമ്പോൾ, അനേകം പേർ അനുഭവിക്കുന്ന വേദനയും അവർ പ്രതിഫലിപ്പിക്കുന്നു. ഗസ്സ, സുഡാൻ തുടങ്ങിയ സ്ഥലങ്ങളിലേത് പോലെ സംഘർഷങ്ങളും പട്ടിണിയും കുടിയൊഴിപ്പിക്കലുകളും സഹിക്കുന്നവരോടൊപ്പമാണ് എന്‍റെ മനസ്. സമാധാനം കെട്ടിപ്പടുക്കുന്നതിനും എല്ലാവരുടെയും അന്തസ്സിനു വേണ്ടിയും നിലകൊള്ളുന്നതിനുള്ള പ്രവർത്തനത്തിലേക്ക് വീണ്ടും സമർപ്പിക്കേണ്ട സമയമാണിത്' -എന്നായിരുന്നു ബൈഡന്‍റെ ഈദ് ആശംസ.

എന്നാൽ, ഗസ്സയിലുൾപ്പെടെ നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ പിന്തുണയും ആയുധവും നൽകുന്ന അമേരിക്കൻ പ്രസിഡന്‍റിന് എങ്ങനെ ഈദ് ആശംസിക്കാനാകുന്നു എന്ന് കമന്‍റുകളിൽ ആളുകൾ ചോദ്യമുയർത്തി. ബൈഡൻ യുദ്ധക്കുറ്റവാളിയാണെന്ന് ചിലർ വിമർശിച്ചു. ആരെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണോ നിങ്ങൾ പറയുന്നത്, അവരുടെ നേരെയാണ് നിങ്ങൾ ബോംബുകൾ അയക്കുന്നതെന്നും കമന്‍റുകളിൽ പറയുന്നു. ലക്ഷക്കണക്കിനാളുകളുടെ ഈദ് ആഘോഷവും ജീവിതവും ഇല്ലാതാക്കി നിങ്ങൾ നൽകുന്ന ഈ ആശംസ കാപട്യത്തിന്‍റെ അങ്ങേയറ്റമാണെന്ന് ചിലർ വിമർശിച്ചു. 


അതേസമയം, ഗസ്സയിൽ ഈദുൽ ഫിത്ർ ദിനത്തിലും ഇസ്രായേൽ കൂട്ടക്കുരുതി തുടർന്നു. ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് മക്കളെയും നാല് പേരക്കുട്ടികളെയും ഈദ് ദിനത്തിൽ ഇസ്രായേൽ സൈന്യം ആക്രമണത്തിൽ കൊലപ്പെടുത്തി. ഈദ് ദിനത്തിൽ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഇസ്മാഈൽ ഹനിയ്യയുടെ മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, ഖസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു.

അതേസമയം, പശ്ചിമേഷ്യയിൽ ഇറാന്‍റെയും സഖ്യകക്ഷികളുടെയും ഭീഷണിയെ നേരിടുന്നതിൽ ഇസ്രായേലിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ഇസ്രായേലിന് യു.എസ് അടിയുറച്ച പിന്തുണ നൽകുമെന്ന് ജോ ബൈഡൻ പറഞ്ഞു. 

Tags:    
News Summary - you are funding genocide heavy criticism on Biden's Eid greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.