ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചൂടേറുന്നു

പ്രഥമ സീസണിലെ റണ്ണറപ്പ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ വന്‍ വീഴ്ച. കോച്ച് പീറ്റര്‍ ടെയ്ലറിന്‍െറ സ്ഥാനചലനവും പകരക്കാരുടെ വരവും. ഗോളുമായി നിറഞ്ഞാടുന്ന സുനില്‍ ഛേത്രി. മാജിക് ടച്ചുമായി റോബര്‍ട്ടോ കാര്‍ലോസും നികളസ് അനല്‍കയും. ഏറ്റവും ഒടുവിലായി ഹാട്രിക് ഗോളുമായി മലയാളിയുടെ ഹ്യൂമേട്ടന്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ വിലസിയും തുടങ്ങി.

ഇന്നത്തെ ഡല്‍ഹി ഡൈനാമോസ്-നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ ഒന്നാം പാദം പൂര്‍ത്തിയാകുമ്പോള്‍ പോരാട്ടം ടോപ് ഗിയറിലേക്ക്. എല്ലാ ടീമും ഓരോ തവണ ഏറ്റുമുട്ടിക്കഴിഞ്ഞപ്പോള്‍, ഇടവേളയില്ലാതെ കളി രണ്ടാം പാദത്തിലേക്ക്. ഡല്‍ഹിയും നോര്‍ത് ഈസ്റ്റും ഒഴികെ ടീമുകളെല്ലാം ഏഴ് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ പോയന്‍റ് പട്ടികയില്‍ പുണെയാണ് മുന്നില്‍. പ്രഥമ സീസണില്‍ ഏറെ പിന്തള്ളപ്പെട്ട പുണെ സംഘം ഇക്കുറി സ്ഥിരതയാര്‍ന്ന പ്രകടനവുമായാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്നത്. നാല് ജയം, ഒരു സമനില, രണ്ട് തോല്‍വി. 11 ഗോളടിച്ചപ്പോള്‍ എട്ടെണ്ണം വഴങ്ങി. ആകെ സമ്പാദ്യം 13 പോയന്‍റ്.

ആറ് കളിയില്‍ 12 പോയന്‍റുള്ള ഡല്‍ഹി ഇന്ന് ജയമോ സമനിലയോ നേടിയാല്‍ ഒന്നാം പാദം അവസാനിക്കുമ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ സംഘം ഒന്നാമന്മാരാകും. എഫ്.സി ഗോവ (11), ചെന്നൈയിന്‍ എഫ്.സി (10), അത്ലറ്റികോ ഡി കൊല്‍ക്കത്ത (10), മുംബൈ സിറ്റി (10), നോര്‍ത് ഈസ്റ്റ് (6 കളിയില്‍ 6 പോയന്‍റ്), കേരള ബ്ളാസ്റ്റേഴ്സ് (5) എന്നിങ്ങനെയാണ് നിലവിലെ നിലവാരം. കഴിഞ്ഞ സീസണില്‍ സെമി കളിച്ച രണ്ടുപേര്‍ ആദ്യ നാലില്‍ ഇടം നിലനിര്‍ത്തുമ്പോള്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും റണ്ണറപ്പ് കേരള ബ്ളാസ്റ്റേഴ്സുമാണ് നിലനില്‍പിനായി പോരടിക്കുന്നത്.ഇനിയും ഏഴ് കളി ബാക്കിയിരിക്കുമ്പോള്‍ തിരിച്ചടിച്ച് മുന്നേറാമെന്ന പ്രതീക്ഷയിലാണ് ടീമുകളെല്ലാം.

27 കളി; 71 ഗോള്‍
പ്രഥമ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച താരങ്ങള്‍ കളത്തിലിറങ്ങിയതോടെ ഗോള്‍കൊയ്ത്തിനും ഇക്കുറി നല്ലകാലം. കഴിഞ്ഞ വര്‍ഷം ആദ്യ പാദം പൂര്‍ത്തിയായ 28 കളികളില്‍ 61 ഗോളുകളാണ് പിറന്നതെങ്കില്‍, ഇക്കുറി 27 മാച്ചിലെ ഗോളെണ്ണം 71 ആയി. ഇതില്‍തന്നെ മൂന്ന് ഹാട്രികും പിറന്നു. പ്രഥമ സീസണില്‍ മുംബൈ സിറ്റിയുടെ ബ്രസീല്‍ താരം ആന്ദ്രെ മോര്‍റ്റിസ് മാത്രമായിരുന്നു ഹാട്രിക് നേടിയത്. എന്നാല്‍, സ്റ്റീവന്‍ മെന്‍ഡോസ, സുനില്‍ ഛേത്രി, ഇയാന്‍ ഹ്യൂം എന്നിവര്‍ ഇക്കുറി ഹാട്രിക് വേട്ടക്കാരുടെ പട്ടികയില്‍ ഇടംനേടി.
വ്യക്തിഗത സ്കോറര്‍മാര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇന്ത്യന്‍താരം സുനില്‍ ഛേത്രി തന്നെ മുന്നില്‍. അഞ്ച് കളിയില്‍ ആറ് ഗോളാണ് ഇന്ത്യന്‍ നായകന്‍െറ നേട്ടം. ഏഴ് കളിയില്‍ ആറ് ഗോളടിച്ച് സ്റ്റീവന്‍ മെന്‍ഡോസ രണ്ടാം സ്ഥാനത്തും കേരള ബ്ളാസ്റ്റേഴ്സിന്‍െറ മലയാളിതാരം മുഹമ്മദ് റാഫി നാല് ഗോളുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

പിന്‍നിരക്കാര്‍ മുന്‍നിരയിലത്തെി
പ്രഥമ സീസണിലെ പിന്‍നിരക്കാരായിരുന്ന ഡല്‍ഹി ഡൈനാമോസ്, പുണെ സിറ്റി, മുംബൈ എന്നിവരുടേതാണ് രണ്ടാം സീസണിലെ ആദ്യ പാദം. ഗോളടിക്കാന്‍ മിടുക്കുള്ള ഒരു പിടി വിദേശതാരങ്ങളും, പ്രതിഭയുള്ള ഇന്ത്യന്‍ യുവനിരയുമായി ഒരുങ്ങിയ പുണെ മോശമാക്കിയില്ല. തുടര്‍ച്ചയായി രണ്ട് ജയവുമായി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയവര്‍ രണ്ട് കളിയിലേ തോറ്റുള്ളൂ. നാലെണ്ണത്തില്‍ ജയിച്ചു. തുര്‍ക്കി താരം തുന്‍ചായ് സാന്‍ലി, റുമേനിയ ഇന്‍റര്‍നാഷനല്‍ അഡ്രിയാന്‍ മുട്ടു, നൈജീരിയക്കാരന്‍ കാലു ഉച്ചെ, നെതര്‍ലന്‍ഡ്സിന്‍െറ വെസ്ലി വെര്‍ഹോക് തുടങ്ങിയവരെല്ലാം മികച്ച തെരഞ്ഞെടുപ്പ്.

മുംബൈയാണ് ശ്രദ്ധേയരായ മറ്റൊരു സംഘം. ആദ്യ മൂന്നില്‍ രണ്ടെണ്ണം തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ടീമിനൊപ്പമത്തെിയതോടെ മുംബൈയും വിജയവഴിയിലായി. മൂന്ന് ഉജ്ജ്വല ജയത്തോടെ ടീമിന്‍െറ ഗതിതന്നെ തിരുത്തിയെഴുതി. ഛേത്രിക്കൊപ്പം സോണി നോര്‍ദെ, സുഭാഷ് സിങ്, ഫ്രെഡറിക് പിക്വിയോണ്‍ എന്നിവര്‍ മിന്നുന്ന ഫോമില്‍. കോച്ച് നികളസ് അനല്‍കയും ഏറെ പാകപ്പെട്ടുകഴിഞ്ഞു.
റോബര്‍ട്ടോ കാര്‍ലോസിന്‍െറ ഡല്‍ഹി ഡൈനാമോസ് പ്രവചനങ്ങള്‍പോലെ മിന്നുന്ന കുതിപ്പിലാണ്. തോല്‍വിയോടെ തുടക്കംകുറിച്ചെങ്കിലും എളുപ്പം ഉയിര്‍ത്തെഴുന്നേറ്റു. ഇന്നത്തെ മത്സരം കഴിയുന്നതോടെ ടീം ഒന്നാം നമ്പറാകും. റോബിന്‍ സിങ്, ഗുസ്താവോ സാന്‍േറാസ്, ഫ്രഞ്ച് താരം ഫ്ളോറന്‍റ് മലൂദ, ഹാന്‍സ് മുള്‍ഡര്‍ എന്നിവരെല്ലാം ടീമിന്‍െറ കരുത്ത്. പ്രതിരോധത്തില്‍ അനസ് എടത്തൊടികയും മിന്നുന്ന ഫോമില്‍. സീകോയുടെ എഫ്.സി ഗോവ, മറ്റരാസിയുടെ ചെന്നൈയിന്‍, അന്‍േറാണിയോ ഹബാസിന്‍െറ അത്ലറ്റികോ ഡി കൊല്‍ക്കത്ത എന്നിവരും ഒപ്പത്തിനൊപ്പം കരുത്തോടെയുണ്ട്.

ഫെലാന്‍ മാജിക്കിനായി ബ്ളാസ്റ്റേഴ്സ്
മികച്ച താരങ്ങളില്ളെന്ന് ആദ്യമേ പഴികേട്ട ബ്ളാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണിപ്പോള്‍. മുന്നില്‍ ഏഴ് കളി ബാക്കിയുണ്ടെങ്കിലും മഞ്ഞപ്പട സെമിതൊടുമെന്ന് കടുത്ത ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. ഉജ്ജ്വല ജയത്തോടെ തുടങ്ങിയെങ്കിലും തുടര്‍ച്ചയായി നാല് തോല്‍വിയോടെ പീറ്റര്‍ ടെയ്ലറുടെ പരിശീലക കുപ്പായം നഷ്ടമായി. മുഹമ്മദ് റാഫിയെ മാറ്റിനിര്‍ത്തിയാല്‍ ഗോളടിക്കാന്‍ മിടുക്കുള്ള താരമില്ല. അധ്വാനിച്ചുകളിക്കുന്നുവെങ്കിലും ജയിക്കാനറിയില്ളെന്ന ആരോപണവും ബാക്കി.

കുറഞ്ഞകാശിന് സ്വന്തമാക്കിയ ശരാശരിക്കാരില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന് ആരാധകരും വിശ്വസിക്കുന്നു. പുതിയ പരിശീലകന്‍ ടെറി ഫെലാനിലാണ് പുതിയ പ്രതീക്ഷകള്‍. കോച്ചായി പരിചയസമ്പത്തില്ളെങ്കിലും ടീമിനെ നന്നായി അറിയാവുന്ന ഐറിഷുകാരന്‍ ട്രെവര്‍ മോര്‍ഗനൊപ്പം എന്തെങ്കിലും ചെയ്യുമെന്ന് കാത്തിരിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.