ബാഴ്സലോണക്കെതിരായ എൽ ക്ലാസികോയിൽ ഓഫ്സൈഡ് പൊസിഷനിൽനിന്ന് വല കുലുക്കിയശേഷം ആഹ്ലാദ​ ​പ്രകടനം നടത്തുന്ന കിലിയൻ എംബാ​പ്പെ. ഗോൾ പിന്നീട് നിഷേധിക്കപ്പെട്ടു

മനം കവർന്നില്ല, പകരം മാനംകെട്ട റെക്കോർഡ്; എൽ ക്ലാസിക്കോയിൽ ‘എട്ടുനിലയിൽ’ പൊട്ടി എംബാപ്പെ

മഡ്രിഡ്: പി.എസ്.ജിയിൽനിന്ന് റയൽ മ​ഡ്രിഡിലേക്ക് കിലിയൻ എംബാപ്പെയുടേത് ഒന്നൊന്നര വരവായിരുന്നു. ആധുനിക ഫുട്ബാളിലെ അതിപ്രതിഭാധനരായ താരഗണങ്ങളടങ്ങിയ റയലിന്റെ ആകാശത്ത് ഏറ്റവും തലയെടുപ്പുള്ളവനായി വാഴ്ത്തപ്പെട്ടായിരുന്നു ആ കൂടുമാറ്റം. റയലിലെത്തിയശേഷം പുതിയ സംഘത്തിൽ ഫ്രഞ്ച് നായകന്റെ കളിമിടുക്ക് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു കഴിഞ്ഞ ദിവസമെത്തിയത്. ശനിയാഴ്ച നടന്ന ബാഴ്സലോണക്കെതിരായ എൽ ക്ലാസിക്കോയിൽ ലോക ഫുട്ബാൾ ഉറ്റുനോക്കിയത് എംബാപ്പെയുടെ പാദങ്ങളിലേക്ക് കൂടിയായിരുന്നു. ബാഴ്സലോണക്കെതിരെ റയലിന്റെ കുപ്പായത്തിൽ അയാളുടെ ആദ്യ മത്സരമായിരുന്നു അത്. അതും റയലിന്റെ സ്വന്തം സ്റ്റേഡിയത്തിൽ.

എന്നാൽ, കൊട്ടിഗ്ഘോഷിച്ച മത്സരത്തിൽ എംബാപ്പെ ദയനീയ പരാജയമായി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സയോട് കൊമ്പുകുത്തിയ കളിയിൽ ഒരു ഗോൾ പോലും നേടാനാവാതെ എംബാപ്പെ തീർത്തും നിരാ​ശപ്പെടുത്തി. രണ്ടു തവണ പന്ത് വലയിലെത്തിച്ചെങ്കിലും രണ്ടും ഓഫ്സൈഡ് ​ട്രാപ്പിൽ കുടുങ്ങി. ഇതുൾപ്പെടെ മൊത്തം എട്ട് തവണയാണ് താരത്തിന്റെ മുന്നേറ്റ നീക്കങ്ങൾ ബാഴ്സലോണ പ്രതിരോധം അതിസമർഥമായി ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കിയത്. കരിയറിൽ ആദ്യമാണ് എംബാപ്പെ ഒരു മത്സരത്തിൽ എട്ടു തവണ ഓഫ്സൈഡ് ട്രാപ്പിൽ അകപ്പെടുന്നത്.

മനം കവരുമെന്നും വീരനായകനാകുമെന്നും പ്രതീക്ഷിക്കപ്പെട്ട മത്സരത്തിൽ ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയതിന്റെ ദയനീയ റെക്കോർഡാണ് എംബാപ്പെയെ തേടിയെത്തിയത്. യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിലായി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ തവണ ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങുന്ന കളിക്കാരനെന്ന വിശേഷണമാണ് എൽ ക്ലാസികോ എംബാപ്പെക്ക് ചാർത്തിക്കൊടുത്തത്. 2018ൽ ഐബറിനെതിരായ മത്സരത്തിൽ ഏഴു തവണ ഓഫ്സൈഡിൽ കുരുങ്ങിയ മുൻ റയൽ മഡ്രിഡ് താരം കരീം ബെൻസേമയുടെ പേരിലുള്ള റെക്കോർഡാണ് എംബാപ്പെയുടെ പേരിലേക്ക് മാറ്റിയെഴുതപ്പെട്ടത്. എംബാപ്പെ കൂടുതൽ കൃത്യത പാലിക്കേണ്ടതുണ്ടെന്ന് മത്സരശേഷം റയൽ മഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. 



Tags:    
News Summary - Kylian Mbappe breaks unwanted record in El Clasico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.