ലോക ഫുട്ബാളിലെ ഏറ്റവും നിറപ്പകിട്ടാർന്ന വ്യക്തിഗത പുരസ്കാരമായ ബാലൺ ദ്യോർ ഇക്കുറി ആർക്കാവും? ആ പ്രതിഭാധനൻ ആരെന്ന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.15ന് ലോകമറിയും. ഈ വർഷത്തെ മികച്ച പുരുഷ താരത്തിനൊപ്പം വനിതാ താരത്തെയും ചടങ്ങിൽ പ്രഖ്യാപിക്കും. 2003ന് ശേഷം ഇതാദ്യമായി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയോ പോർചുഗലിന്റെ വിഖ്യാത പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇടംപിടിക്കാത്ത പട്ടികയിൽനിന്നാണ് ബാലൺ ദ്യോർ ജേതാവിനെ ഇക്കുറി പ്രഖ്യാപിക്കുന്നത്. മെസ്സി എട്ടു തവണ പുരസ്കാരം നേടി റെക്കോർഡിട്ടപ്പോൾ റൊണാൾഡോ അഞ്ചു തവണ പുരസ്കാര നേട്ടത്തിലെത്തിയിട്ടുണ്ട്.
പുരുഷ വിഭാഗത്തിൽ ഇതുവരെ ജേതാക്കളാകാത്തവരാണ് ലിസ്റ്റിലെ മുഴുവൻ പേരും. നടാടെ പുരസ്കാരം കൈയിലേന്തുന്ന പുതിയ ഒരു ബാലൺദ്യോർ ജേതാവ് ഇക്കുറി പിറവിയെടുക്കുമെന്നർഥം. സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി, റയലിന്റെ ബ്രസീലിയൻ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡ്, റയലിന്റെ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, ബാഴ്സലോണയുടെ സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ, റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തുടങ്ങിയവർ ഉൾപ്പെടെ ലിസ്റ്റിലുണ്ട്. ഫിഫ റാങ്കിൽ ആദ്യ 100 രാജ്യങ്ങളിൽനിന്നുള്ള ജേണലിസ്റ്റുകളുടെ ജൂറിയാണ് വോട്ടെടുപ്പിലൂടെ പുരുഷ ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
വനിതകളിൽ സ്പെയിനിന് ലോകകപ്പ് നേടിക്കൊടുത്ത ബാഴ്സലോണ മിഡ്ഫീൽഡർ ഐതാന ബൊൻമാറ്റി തുടർച്ചയായ രണ്ടാം തവണയും പുരസ്കാര ജേതാവായേക്കുമെന്നാണ് സൂചനകൾ. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ വനിതാ ജേണലിസ്റ്റുകളുടെ ജൂറിയാണ് വനിതാ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.
പുരുഷ വിഭാഗത്തിൽ ആര് ജേതാവാകുമെന്ന് ഫുട്ബാൾ ലോകത്തെ വിദഗ്ധരിൽനിന്ന് ബി.ബി.സി അഭിപ്രായം തേടിയപ്പോഴുള്ള പ്രതികരണങ്ങൾ ഇങ്ങനെ...
റോഡ്രിക്ക് നൽകണമെന്ന് എന്തുകൊണ്ടാണ് ചിലർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മാഞ്ചസ്റ്റർ സിറ്റി ടീമിൽ മികച്ച സീസണായിരുന്നു റോഡ്രിയുടേത്. എന്നാൽ, സ്പെയിൻ ടീമിൽ അദ്ദേഹം ഒരു സ്റ്റാൻഡ്ഔട്ട് െപ്ലയർ ആയിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ഓരോ സുപ്രധാന മത്സരത്തിലും ഫലത്തെ സ്വാധീനിച്ച പ്രകടനമായിരുന്നു വിനീഷ്യസിന്റേത്. വിജയത്തിനും പരാജയത്തിനുമിടയിലെ നിർണായക സാന്നിധ്യമായിരുന്നു അവൻ. റോഡ്രി മഹത്തായ ഒരു സംഘത്തിന്റെ ഭാഗം മാത്രമായിരുന്നു. ഈ വർഷം മത്സരഗതിയിൽ സ്വാധീനം ചെലുത്തിയവരായി ഞാൻ കാണുന്നത് വിനീഷ്യസിനെയും റയലിലെ സഹതാരം ജൂഡ് ബെല്ലിങ്ഹാമിനെയുമാണ്. ഇതിൽ എന്റെ ചോയ്സ് വിനീഷ്യസാണ്.
ജൂലിയൻ ലോറൻസ് (ഫ്രഞ്ച് ഫുട്ബാൾ ജേണലിസ്റ്റ്)
കിലിയൻ എംബാപ്പെയാണ് ഇന്ന് ലോകത്തെ മികച്ച ഫുട്ബാൾ താരം. പക്ഷേ, ഇക്കുറി ബാലൺ ദ്യോർ റോഡ്രിക്ക് നൽകണമെന്നാണ് എന്റെ പക്ഷം. വിനീഷ്യസും ബെല്ലിങ്ഹാമും റയലിനുവേണ്ടി ചെയ്തതുപോലെ റോഡ്രി അയാളുടെ ടീമിനുവേണ്ടിയും ചെയ്തിട്ടുണ്ട്. ഗോളുകൾ സ്കോർ ചെയ്യുകയും ഡ്രിബ്ളുകളും ട്രിക്കുകളോ നടത്തുകയും ചെയ്യുന്ന ആക്രമണ പൊസിഷനിൽ അല്ലെങ്കിലും രണ്ടു സീസണുകളിലായി റോഡ്രിയാണ് മികച്ച ഫുട്ബാളർ. തന്റെ പൊസിഷനിൽ ഏറ്റവും ബുദ്ധിമാനായ കളിക്കാരൻ. രാജ്യത്തിനും ക്ലബിനും വേണ്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി അനിതരസാധാരണ പ്രകടനമാണ് റോഡ്രിയുടേത്. മറ്റാരേക്കാളും അവൻ ബാലൺ ദ്യോർ അർഹിക്കുന്നു.
താരചക്രവർത്തിമാരുടെ യുഗം അവസാനിക്കുകയാണ്. ഉന്നത തലങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും, ഇപ്പോൾ പുതിയ താരങ്ങളുടെ ഉദയകാലമാണ്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വിനീഷ്യസ് ജൂനിയറിനൊപ്പമാണ്.
ഗ്വില്ലം ബലാഗ് (സ്പാനിഷ് ഫുട്ബാൾ വിദഗ്ധൻ)
ക്ലബിനും ദേശീയ ടീമിനും വേണ്ടി റോഡ്രി എല്ലാം ചെയ്തുകഴിഞ്ഞു. വാഴ്ത്തു പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന റോളല്ല കളിയിൽ അയാളുടേത്. എന്നിട്ടും, എല്ലാവരും ആ പ്രകടനത്തിന്റെ വില മനസ്സിലാക്കുന്നു. യൂറോ കപ്പ് ഫൈനലിനിടെ റോഡ്രിക്ക് പരിക്കേറ്റപ്പോൾ കാണികളും വിദഗ്ധരും സഹതാരങ്ങളുമൊക്കെ ആശങ്കിച്ചത് ആ വിടവ് എങ്ങനെ നികത്തുമെന്നതിനെക്കുറിച്ചാണ്. കളിഗതിയെ നിർണയിക്കുന്ന താരമാണ് റോഡ്രി എന്നതിന്റെ സാക്ഷ്യമാണത്. എല്ലാവരും അദ്ദേഹത്തിന്റെ നായകത്വത്തിലേക്കും ഉറ്റുനോക്കുന്നു. കൊട്ടിഗ്ഘോഷിക്കപ്പെടാത്ത ഈ ഹീറോക്ക് പുരസ്കാരം നൽകണമെന്നാണ് എന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.