ദുബൈ: നാലുവർഷത്തിനിടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പറിലെത്തി ആസ്ട്രേലിയ. കോവിഡ് കാലത്ത് കളികളെല്ലാം മുടങ്ങിയതിനിടെയാണ് പുതിയ ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ജസ്റ്റിൻ ലാംഗറുടെ ഓസീസ് ഒന്നാം സ്ഥാനത്തെത്തിയത്. 2016 ഒക്ടോബറിലാണ് ഇന്ത്യ ഒന്നാം നമ്പർ പദവിയിലെത്തിയത്. തുടർ വിജയങ്ങളുമായി കോഹ്ലിപ്പട നാലുവർഷം സ്ഥാനം നിലനിർത്തി.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുൻനിരയിൽ നിൽക്കവെയാണ് ഇന്ത്യയുടെ വീഴ്ച. 116 പോയൻറുമായാണ് ഓസീസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ന്യൂസിലൻഡ് (115), ഇന്ത്യ (114)എന്നിവർ രണ്ടും മൂന്നും സ്ഥാനത്തായി. ഇംഗ്ലണ്ട് നാലും ശ്രീലങ്ക അഞ്ചും സ്ഥാനത്താണ്.
ഏകദിനത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത് (127പോയൻറ്). ഇന്ത്യ രണ്ടും ന്യൂസിലൻഡ് മൂന്നം സ്ഥാനത്തായി. ട്വൻറി20യിൽ ആസ്ട്രേലിയ ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. 2011ൽ റാങ്കിങ്ങ് ആരംഭിച്ച ശേഷം ഇവർ ആദ്യമായാണ് ഒന്നാം നമ്പറിലെത്തുന്നത്. 27 മാസമായി ഈ സ്ഥാനം അലങ്കരിച്ച പാകിസ്താനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുന്നേറ്റം. ഇംഗ്ലണ്ട് രണ്ടും, ഇന്ത്യ മൂന്നും സ്ഥാനത്താണ്. സമീപകാലത്തെ മികച്ച പ്രകടനമാണ് ഓസീസിന് തുണയായത്.
ഒമ്പത് കളിയിൽ ഏഴിലും ജയം നേടി. ശ്രീലങ്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായിരുന്നു ജയം. ടെസ്റ്റിൽ 2017- 2020 കാലയളവിലെ പ്രകടനം പരിഗണിച്ചപ്പോഴാണ് ഇന്ത്യ പിന്നിലായത്. 2016-17 സീസണിൽ 12 ജയം നേടിയ ടീം ഇന്ത്യക്ക് കഴിഞ്ഞ സീസണിൽ വെയിറ്റേജ് നഷ്ടമായി.
ആഷസിൽ സമനിലയും, ന്യൂസിലൻഡ് പാകിസ്താൻ ടീമുകൾക്കെതിരെ ജയിക്കുകയും ചെയ്തത് ഓസീസിന് തുണയായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയം തുടർന്നെങ്കിലും ചെറിയടീമുകളായിരുന്നു എതിരാളികൾ. വിൻഡീസ്, ബംഗ്ലാദേശ് എന്നിവരെയും ദക്ഷിണാഫ്രിക്കയെ ഹോം ഗ്രൗണ്ടിലുമാണ് വീഴ്ത്തിയത്. എന്നാൽ, ന്യൂസിലൻഡിനെതിരെ എവേ പരമ്പരയിൽ തോറ്റമ്പി.
ടെസ്റ്റ് ചാമ്പ്യൻഷിപ്: പോയൻറ് സിസ്റ്റം മണ്ടത്തം -ഹോൾഡിങ്
ന്യൂഡൽഹി: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയൻറ് സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്. ചില ടീമുകൾക്ക് ഒന്നാം സ്ഥാനത്തിരിക്കാൻവേണ്ടി മാത്രമാണ് നിലവിലെ പോയൻറ് സമ്പ്രദായമെന്ന് അദ്ദേഹം തുറന്നടിച്ചു.
രണ്ടു ടെസ്റ്റുള്ള പരമ്പരയിൽ ഒരു കളിക്ക് 60 പോയൻറാണ് ലഭിക്കുന്നത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഒരു കളിക്ക് ഇത് 24 ആയി കുറയും. മത്സരങ്ങളുടെ എണ്ണം എത്ര കൂടിയാലും കുറഞ്ഞാലും പരമ്പരയുടെ ആകെ പോയൻറ് 120 ആണ്.
‘ഈ പോയൻറ് സമ്പ്രദായം തികച്ചും മണ്ടത്തമാണ്. രണ്ടു കളി കളിച്ചാൽ കൂടുതൽ പോയൻറ് കിട്ടുമെന്നിരിക്കെ ഒരു ടീമും കൂടുതൽ മത്സരം കളിക്കില്ല’ -വിസ്ഡൻ മാഗസിെൻറ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഹോൾഡിങ് പറഞ്ഞു. ഭാവിയിൽ പോയൻറ് സമ്പ്രദായത്തിൽ കാര്യമായ മാറ്റം വേണമെന്ന് ഇംഗ്ലണ്ട് പേസ് ബൗളർ ക്രിസ് വോക്സും ആവശ്യപ്പെട്ടു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയാണ് (360) ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.