ചെറുമീനുകൾക്കെതിരെ ശൗര്യം കാട്ടി മുന്നേറിയ ആതിഥേയർ കരുത്തരെ കണ്ടപ്പോൾ കളിമറന്ന് ശരാശരിയിലും താഴെയുള്ള പ്രകടനവുമായി മൂന്ന് ഗോളുകൾക്ക് അടിയറവുപറയുന്ന രംഗമായിരുന്നു സമാറാ അരീനയിൽ കണ്ടത്. ആദ്യ രണ്ടു മത്സരങ്ങളും തങ്ങൾക്ക് അനുകൂലമാക്കിയ രണ്ടു ടീമുകളും പ്രീ ക്വാർട്ടർ ഉറപ്പിച്ച മട്ടിലായിരുന്നു കളി തുടങ്ങിയത്. ഉറുഗ്വായ് വെൻസീനോ, സുവാരസ്, കവാനി സഖ്യത്തെ മുൻനിർത്തി കടന്നാക്രമണം തുടങ്ങിയപ്പോൾ പന്തെത്തിക്കുന്ന ചുമതല ബെറ്റാൻകൂർ, കച്ചെറിയാസ്, റ്റോറീറോ മൂവർ സംഘത്തിനായിരുന്നു. ആദ്യ പന്തു മുതൽ വശങ്ങൾ മാറി പന്തെത്തിച്ചുകൊണ്ടിരുന്ന ബെറ്റാൻകൂർ ആയിരുന്നു ഉറുഗ്വായുടെ എല്ലാ മുന്നേറ്റങ്ങൾക്കും വഴി മരുന്നിട്ടത്.
സമനില മതി എന്ന മട്ടിൽ കളിച്ചതുകൊണ്ടാകണം റഷ്യയുടെ മുന്നേറ്റങ്ങൾെക്കാന്നും ഗതിവേഗമില്ലാതെ പോയത്. എല്ലാ മുന്നേറ്റങ്ങൾക്കും അവർ കരുതൽ സമീപനം സ്വീകരിച്ചതോടെ അവരുടെ മധ്യനിരയും മുന്നേറ്റനിരയും തമ്മിൽ ഏകോപനമില്ലാതെ പോവുകയും ചെയ്തു. മൈതാനമധ്യത്തിൽ കളി തളച്ചിടാനുള്ള അവരുടെ മധ്യനിരയുടെ ശ്രമം വേഗത്തിൽ മുന്നേറിയ കവാനിക്കും സുവാറസിനും കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു. സംഘടിത മുന്നേറ്റങ്ങൾ റഷ്യയുടെ ഭാഗത്തുനിന്നുമുണ്ടായതേയില്ല. തൊട്ടതെല്ലാം പിഴച്ച റഷ്യക്കാർ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു.
●●●●●●
നിർഭാഗ്യം വഴിമുടക്കിയപ്പോൾ പ്രബലരായ പോർചുഗീസുകാരെ അവിശ്വസനീയമായ സമനിലയിൽ തളച്ചിട്ടും ഇറാന് പ്രീക്വാർട്ടർ നഷ്ടമായതായിരുന്നു ഇറാൻ-പോർചുഗൽ മത്സരത്തിെൻറ സവിശേഷത. ഒപ്പം പെനാൽറ്റി നഷ്ടമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിഷണ്ണ ഭാവവും കാണാനായി. ഇരുടീമുകളും കടന്നാക്രമണത്തിന് പ്രാധാന്യം നൽകിയതോടെ ഏതു നിമിഷവും ഗോൾ വീഴും എന്ന അവസ്ഥയുണ്ടായി. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പെനാൽറ്റി ബോക്സിനു മുന്നിൽനിന്ന് റിക്കാർഡേ ക്വറസ്മ തൊടുത്ത ഗംഭീര ഷോട്ട് വലതുളച്ചുകടന്നപ്പോൾ പോർചുഗലിന് മുൻതൂക്കമായി. രണ്ടാം പകുതിയിൽ വാർ പരിശോധനക്കുശേഷം ലഭിച്ച പെനാൽറ്റിയിൽ റൊണാൾഡോ അവസരം നഷ്ടപ്പെടുത്തി. ഈ ലോകകപ്പിൽ ഇതുവരെ അനുവദിക്കപ്പെട്ട 19ാമത്തെ പെനാൽറ്റിയായിരുന്നു ഇത്. വാറിെൻറ സഹായത്തോടെതന്നെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇഞ്ചുറി സമയത്ത് അൻസാരിഫർദ് ഇറാെൻറ രക്ഷക്കെത്തിയത്.
●●●●●●
ആദ്യ രണ്ടു കളികളും തോറ്റ മൊറോക്കോയോട് കഷ്ടിച്ച് സമനില പിടിച്ചാണ് സ്പെയിനും മുന്നേറിയത്. കളിയുടെ ഗതിക്ക് വിപരീതമായി ഖാലിദ് ബുതൈബിെൻറ ഗോളിൽ മുന്നിൽ കടന്ന മൊറോക്കോയെ ഇസ്കോയുടെ ഗോളിൽ സമനിലയിൽ പിടിച്ച സ്പെയിനിനെ ഞെട്ടിച്ച് യൂസുഫ് അന്നസീരിയുടെ ബുള്ളറ്റ് ഹെഡർ ഗോളെത്തിയപ്പോൾ ഫെർണാണ്ടോ ഹിയറോയുടെ കുട്ടികൾ പകച്ചു. ഒടുവിൽ പകരക്കാരൻ ഇയാഗോ ആസ്പാസ് നേടിയ ഗോൾ വാർ ശരിവെച്ചപ്പോൾ സ്പെയിനിന് സമനിലയും ഗ്രൂപ് ചാമ്പ്യന്മാരെന്ന പദവിയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.