കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിനിത് മോശം കാലമാണ്. ആരെയും അതിശയിപ്പിക്കുന്ന മോശം കാലം. ലങ്കൻ ക്രിക്കറ്റിെൻറ ഉയിർത്തെഴുന്നേൽപ്പ് കണ്ട 1996 മുതലുള്ള രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം കാലം. ഒരുവർഷം മുമ്പ് ആസ്ട്രേലിയയെ തകർത്തുതരിപ്പണമാക്കിയ ടീമാണ് ഇന്ത്യയോടും സിംബാബ്വെയോടും സ്വന്തം നാട്ടിൽ തകർന്നടിഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്നത്. സനത് ജയസൂര്യയുടെയും കുമാർ സങ്കക്കാരയുടെയും മുത്തയ്യ മുരളീധരെൻറയും ചാമിന്ദ വാസിെൻറയും പിന്മുറക്കാരുടെ വീഴ്ചക്ക് കാരണം പ്രതിഭാ ദാരിദ്ര്യമാണെന്നറിയുേമ്പാഴാണ് തകർച്ചയുടെ ആഴം മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ, ഇൗ പരമ്പരയിൽ ഇന്ത്യയുടെ ജയത്തോടൊപ്പം ചർച്ചചെയ്യപ്പെടേണ്ടതാണ് ലങ്കയുടെ പതനവും.
ശ്രീലങ്കൻ ക്രിക്കറ്റിെൻറ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും മധുരമുള്ളൊരു ദിനത്തിെൻറ ഒന്നാം വാർഷികമാണിന്ന്. കഴിഞ്ഞവർഷം ഇതുപോലൊരു ആഗസ്റ്റ് 17നാണ് വമ്പന്മാരായ ആസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ശ്രീലങ്ക തൂത്തുവാരിയത്. അവിടെനിന്ന് ഒരു വർഷം തികയുേമ്പാൾ ഇന്ത്യയോട് മൂന്ന് ടെസ്റ്റും തോറ്റമ്പി നിൽക്കുന്ന ശ്രീലങ്കയെയാണ് കാണാൻ കഴിയുന്നത്. അതിൽ രണ്ടും തോറ്റത്ത് ഇന്നിങ്സിനാണ്. കുമാർ സങ്കക്കാരക്കും മഹേല ജയവർധനെക്കും ശേഷം സ്ഥിരതയാർന്ന ബാറ്റ്സ്മാന്മാരില്ലാതെ പോയതോടെയാണ് ലങ്കൻ ക്രിക്കറ്റ് തകർന്നുതുടങ്ങിയത്. ഇതിനിടയിൽ വന്ന ഉപുൽ തരംഗയും മെൻഡിസും ചണ്ഡിമലുമെല്ലാം നിർണായക ഘട്ടത്തിൽ പതറിപ്പോയി. ആഭ്യന്തര ക്രിക്കറ്റ് സജീവമല്ലാത്ത ശ്രീലങ്കയിൽ പുതിയ താരങ്ങളുടെ ഉയിർപ്പും ഉണ്ടായില്ല. ബൗളർമാരുടെ കാര്യമാണ് ഏറെ കഷ്ടം. ചാമിന്ദ വാസിന് പകരം എടുത്തുകാണിക്കാൻ ഒരു ഫാസ്റ്റ് ബൗളർ വന്നിട്ടില്ല. ആകെയുള്ള മലിംഗയാണെങ്കിൽ ഫോമില്ലായ്മയും പരിക്കുംമൂലം പ്രതിസന്ധിയിലാണ്. മുത്തയ്യ മുരളീധരെൻറ വിരമിക്കലിനുശേഷം അദ്ദേഹത്തിെൻറ നാലിലൊന്ന് പ്രതിഭയുള്ള സ്പിന്നറെേപ്പാലും ലങ്കൻ ക്രിക്കറ്റ് കണ്ടിട്ടില്ല. നിലവിലുള്ള താരങ്ങളിലും വലിയ പ്രതീക്ഷയർപ്പിക്കാൻ പറ്റിയവരായി ആരുംതന്നെയില്ല. ആസ്ട്രേലിയയോട് ടെസ്റ്റ് പരമ്പര നേടിയശേഷം ശ്രീലങ്ക ഏറ്റുവാങ്ങിയത് വൻ പരാജയങ്ങളാണ്. ഇതിനിടയിൽ സിംബാബ്വെക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഒാരോ ടെസ്റ്റ് വിജയിച്ചതുമാത്രമാണ് അവർക്ക് എടുത്തുപറയാനുള്ളത്.
സിംബാബ്വെക്കെതിരെ തോറ്റ മത്സരം അവസാനനിമിഷം അപ്രതീക്ഷിതമായി വിജയിച്ചതാണ്. ബംഗ്ലാദേശിനെതിരെ ഒരു മത്സരം വിജയിച്ചെങ്കിലും ഒരെണ്ണം തോൽക്കുകയും ചെയ്തു. ഇതിനിടെ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും തോറ്റമ്പി. സിംബാബ്വെക്കെതിരായ ഏകദിന പരമ്പര അടിയറവെച്ചു, അതും സ്വന്തം നാട്ടിൽ. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെയും ഏകപക്ഷീയ തോൽവി വഴങ്ങിയത്. നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് ലങ്ക. ഏകദിന റാങ്കിങ്ങിൽ ബംഗ്ലാദേശിനും പിറകെ എട്ടാം സ്ഥാനത്താണ്. ശക്തരായ ഇന്ത്യൻ ടീമിനെതിരെ പൊരുതി തോറ്റിരുന്നെങ്കിൽ ലങ്കക്ക് ന്യായീകരിക്കാൻ കഴിയുമായിരുന്നു. പക്ഷേ, പൊരുതലിെൻറ ലാഞ്ചനേപാലും കാണിക്കാതെ ഏകപക്ഷീയമായ കീഴടങ്ങലാണ് ഇത്തവണ കണ്ടത്. പുതിയ താരങ്ങളെ കണ്ടെത്തിയാൽമാത്രമേ ലങ്കൻ ക്രിക്കറ്റിന് ഇനി പ്രതീക്ഷയുള്ളൂ. സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി കൈക്കൊള്ളുന്ന നടപടികളായിരിക്കും ലങ്കൻ ക്രിക്കറ്റിെൻറ ഭാവി നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.