സാവോപോളോ: ലോകകപ്പ് ഫുട്ബാൾ ദക്ഷിണ അമേരിക്കൻ മേഖലയിലെ യോഗ്യത റൗണ്ടിൽ വമ്പൻ ടീമുകൾ കളത്തിൽ. ലയണൽ മെസ്സിയുടെ അർജന്റീനയും ലൂയി സുവാരസിന്റെ ഉറുഗ്വായും ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30ന് ഏറ്റുമുട്ടും. ഇതേസമയത്ത് കരുത്തരായ ബ്രസീൽ കൊളംബിയയുമായും ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളിൽ ബൊളീവിയ പെറുവിനെയും വെനിസ്വേല എക്വഡോറിനെയും ചിലി പരഗ്വേയെയും നേരിടും.
നിലവിലെ ജേതാക്കളായ അർജന്റീന ബ്വേനസ് എയ്റിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിലാണ് മുൻ ജേതാക്കളായ ഉറുഗ്വായിയെ നേരിടുന്നത്. 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ ഗ്രൂപ്പിൽ 12 പോയന്റുമായി അർജൻറീനയാണ് മുന്നിൽ. ഉറുഗ്വായ്, ബ്രസീൽ, വെനിസ്വേല എന്നിവർക്ക് ഏഴു പോയന്റ് വീതമുണ്ട്. കൊളംബിയക്ക് ആറും എക്വഡോർ, പരഗ്വേ, ചിലി എന്നിവർക്ക് നാലും പോയന്റും ഉണ്ട്. പെറുവിന് ഒരു പോയന്റാണുള്ളത്. ബൊളീവിയക്ക് പോയന്റൊന്നുമില്ല. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന മെസ്സി, എട്ടാം ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ നിറവിലാണെത്തുന്നത്. ബ്രസീലിയൻ ക്ലബ് ഗ്രെമിയോക്ക് വേണ്ടി കളിക്കുന്ന സുവാരസ് നാളെ ആദ്യ ഇലവനിലുണ്ടാകും.
അടുത്ത ആഴ്ച അർജൻറീനയെ മാറക്കാനയിൽ നേരിടാനൊരുങ്ങുന്ന ബ്രസീലിന് കൊളംബിയക്കെതിരെ വിജയപ്രതീക്ഷയുണ്ട്. വെനിസ്വേലയോട് സ്വന്തം നാട്ടിൽ സമനില വഴങ്ങിയ മഞ്ഞപ്പട, ഉറുഗ്വായിയോട് തോൽവിയുമടഞ്ഞിരുന്നു. കൗമാരതാരം എൻഡ്രിക്കിനൊപ്പം വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും മുൻനിരയിൽ കളിക്കും. പരിക്ക് കാരണം കാസിമിറോയും നെയ്മറും കളിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.