ലണ്ടൻ: സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിന്‍റെ യുറുഗ്വായ് മധ്യനിര താരം റോഡ്രിഗോ ബെന്‍റാൻകൂറിന് മത്സര വിലക്ക്.
ടോട്ടൻഹാമിന്‍റെയും ദക്ഷിണ കൊറിയയുടെയും നായകനായ സൺ ഹ്യൂങ് മിങ്ങിനെ കുറിച്ച് വംശീയ അധിക്ഷേപം ഉൾപ്പെടുന്ന പരാമർശം നടത്തിയതിനാണ് ഫുട്ബാൾ അസോസിയേഷൻ നടപടിയെടുത്തത്. ഏഴ് ആഭ്യന്തര മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയ താരത്തിന് 100,000 പൗണ്ട് പിഴയും ചുമത്തി. ജൂണിൽ യുറുഗ്വായിൽ നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് അധിക്ഷേപ പരാമർശം നടത്തിയത്.
വിവാദമായതോടെ താരം സമൂഹമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ഫുൾഹാം, ബൗൺമൗത്ത്, ചെൽസി, സതാംപ്ടൺ, ലിവർപൂൾ എന്നീ ക്ലബുകൾക്കെതിരായ മത്സരം താരത്തിന് നഷ്ടമാകും. കൂടാതെ, ഡിസംബർ 19ന് കരബാവോ കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലും താരത്തിന് കളിക്കാനാകില്ല. അതേസമയം, യൂറോപ്പ ലീഗിൽ താരത്തിന് കളിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.