അഞ്ചടിച്ച് ആഴ്സണൽ; ക്രിസ്റ്റൽപാലസിനെതിരെ തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ തകർപ്പൻ ജയവുമായി ആഴ്സണൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആഴ്സണലിന്റെ ജയം. ടീമിന് വേണ്ടി ഗോളടി തുടരുന്ന ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോൾ മികവിലാണ് ആഴ്സണൽ ക്രിസ്റ്റൽപാലസിനെ തകർത്തുവിട്ടത്.

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലും ക്രിസ്റ്റൽ പാലസിനെതിരെ ഗബ്രിയേൽ ജീസസ് ഹാട്രിക് നേടിയിരുന്നു. ജ​യത്തോടെ പ്രീമിയർ ലീഗിലെ പോയിന്റ് നിരയിൽ ആഴ്സണൽ മൂന്നാം സ്ഥാനത്തേക്ക് കടന്നു. 17 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് ആഴ്സണലിനുള്ളത്. 15 മത്സരങ്ങളിൽ നിന്നും 36 പോയിന്റുള്ള ലിവർപൂളാണ് ലീഗിൽ ഒന്നാമത്. 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റോടെ ചെൽസിയാണ് രണ്ടാമത്.

കളി തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ ആഴ്സണൽ നയം വ്യക്തമാക്കിയിരുന്നു. ഇരട്ട ഗോളുകളുമായി ഗബ്രിയേൽ ജീസസ് മുന്നിൽ നിന്നും പടനയിച്ചു. ആറ്, 14 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകൾ. 38ാം മിനിറ്റിൽ ഹാവേർട്സിന്റെ ​കൂടി ഗോൾ വന്നതോടെ ആദ്യ പകുതി പൂർത്തിയാവുമ്പോൾ ആഴ്സണൽ 3-1ന് മുന്നിലെത്തി. ആദ്യപകുതിയിൽ ക്രിസ്റ്റൽ പാലസിന്റെ ഇസ്മാലിയ സാർ സമനില ഗോൾ നേടിയെങ്കിലും അതിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

രണ്ടാം പകുതിയുടെ 60ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന്റെ ലീഡുയർത്തി. ഒടുവിൽ 84ാം മിനിറ്റിൽ റെസിന്റെ ഗോൾ കൂടി വന്നതോടെ ആഴ്സണൽ പട്ടിക പൂർത്തിയാക്കി. 

Tags:    
News Summary - Gabriel Jesus's brace headlines Arsenal's big win over Crystal Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.