ദോഹ: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഏഷ്യൻ കപ്പിൽ ഞായറാഴ്ച മുതൽ വീറുറ്റ അങ്കങ്ങൾ. ഗ്രൂപ് റൗണ്ടിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായി മൂന്നിൽ ഒരു വിഭാഗം ടീമുകൾ നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നാളുകൾ. ഇതുവരെ കണ്ടതല്ല ഇനി കളി. 90 മിനിറ്റിലും തീരാത്ത ആവേശപ്പൂരം അന്തിമ വിജയിയെ നിർണയിക്കും വരെ നീളും. ഫുൾടൈമിൽ വിധി നിർണയിക്കപ്പെട്ടില്ലെങ്കിൽ, അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കുമെല്ലാം നീങ്ങുന്ന നാടകീയതകൾക്കും ഇനി സാക്ഷിയാവാം. ആദ്യ ദിനത്തിലിറങ്ങുന്ന കരുത്തരായ ആസ്ട്രേലിയ ടീമിന് ശക്തമായ മുന്നറിയിപ്പു നൽകിയാണ് ഒരുക്കുന്നത്.
എതിരാളികളായ ഇന്തോനേഷ്യയെ 146ാം റാങ്കുകാർ എന്നതിനപ്പുറം, അട്ടിമറിക്ക് കരുത്തുള്ള സംഘമെന്ന ധാരണയോടെ കളിക്കണമെന്ന് ടീമിന് മുന്നറിയിപ്പു നൽകുന്നു. ഒരു അട്ടിമറിക്കും ഇടം നൽകാതെ അവസാന നിമിഷം വരെ പോരാടാനുള്ള ഊർജമാണ് അദ്ദേഹം ടീമിന് പകരുന്നത്. അതേസമയം, ഏഷ്യൻ കപ്പിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിൽ ഇടം നേടിയ ഇന്തോനേഷ്യൻ ടീം അത്ഭുതം തുടരുമെന്ന് കോച്ച് ഷിൻ തായ് യങ് പറയുന്നു.
‘ആസ്ട്രേലിയ ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമാണെന്ന് അറിയാം. അവർക്ക് 70 ശതമാനം വരെ വിജയ സാധ്യതയും എല്ലാവരും കൽപിക്കുന്നു. എന്നാൽ, ഞങ്ങൾ പൊരുതാനാണ് വന്നത്. അവസാന വിസിൽ വരെ പോരാടും. ആ മനസ്സുമായാണ് ടീം എത്തിയത്’ -ദക്ഷിണ കൊറിയക്കാരാനായ ഇന്തോനേഷ്യൻ പരിശീലകൻ മുന്നറിയിപ്പ് നൽകുന്നു. ആദ്യ ദിനത്തിലെ രണ്ടാം അങ്കത്തിൽ തജികിസ്താനെ നേരിടുന്ന യു.എ.ഇയും കരുതലോടെയാണ് ഒരുങ്ങുന്നത്. എതിരാളികൾ ശക്തരാണെന്ന് അറിയാമെന്ന് യു.എ.ഇ കോച്ച് പൗലോ ബെന്റോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടിയ തജിക്, അരങ്ങേറ്റത്തിൽ തന്നെ പ്രീക്വാർട്ടറിലെത്തിയാണ് അമ്പരപ്പിച്ചത്. അവരുടെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുക്കാനും, എന്നാൽ, പ്രത്യാക്രമണത്തിലെ കരുത്തിനെ കരുതിയിരുന്നുമാവും ടീം ഒരുങ്ങുന്നതെന്ന് യു.എ.ഇ കോച്ച് വിശദീകരിച്ചു.
2.30pm ആസ്ട്രേലിയ x ഇന്തോനേഷ്യ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
7.00pm യു.എ.ഇ x തജികിസ്താൻ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.