സിഡ്നിയിൽ ഓസീസിന് ആറു വിക്കറ്റ് ജയം; പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും കൈവിട്ട് ഇന്ത്യ

സിഡ്നി: പത്തുവർഷത്തെ ഇടവേളക്കുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര തിരിച്ചുപിടിച്ച് ആസ്ട്രേലിയ. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കിയ ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഉറപ്പിച്ചു.

ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ എതിരാളികൾ. 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ – 185 & 157, ആസ്ട്രേലിയ – 181 & 162/4. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. രണ്ട്, നാല്, അഞ്ച് ടെസ്റ്റുകളിൽ ആതിഥേയർ ജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് സമനിലയിലായി. 2014-15 ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലാണ് ഓസീസ് അവസാനമായി ജയിച്ചത്. കഴിഞ്ഞ നാലു പരമ്പരയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഓപ്പണർ ട്രാവിസ് ഹെഡ് (38 പന്തിൽ 34), അരങ്ങേറ്റക്കാരൻ ബൂ വെബ്സ്റ്റർ (34 പന്തിൽ 39) എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പരിക്കേറ്റ പേസ് കുന്തമുന ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്സിൽ പന്തെറിയാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് സ്പെൽ ഓപ്പൺ ചെയ്തത്. കൃഷ്ണ മൂന്നു വിക്കറ്റും സിറാജ് ഒരു വിക്കറ്റും നേടി. യുവ ഓപ്പണർ സാം കോൺസ്റ്റാസ് (17 പന്തിൽ മൂന്നു ഫോറുകളോടെ 22), മാർനസ് ലബുഷെയ്ൻ (20 പന്തിൽ ആറ്), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ നാല്), ഉസ്മാൻ ഖ്വാജ (45 പന്തിൽ 41) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 16 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജദേജ 45 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്തും വാഷിങ്ടൺ സുന്ദർ 43 പന്തിൽ 12 റൺസെടുത്തും പുറത്തായി. മുഹമ്മദ് സിറാജ് (11 പന്തിൽ നാല്), പരിക്കിനിടയിലും ബാറ്റിങ്ങിനെത്തിയ ജസ്പ്രീത് ബുംറ (മൂന്നു പന്തിൽ പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പ്രസിദ്ധ് കൃഷ്ണ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഓസീസിനായി സ്കോട് ബോളണ്ട് ആറു വിക്കറ്റ് വീഴ്ത്തി. 16.5 ഓവറിൽ അഞ്ച് മെയ്ഡനടക്കം 45 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റെടുത്തത്. നായകൻ പാറ്റ് കമ്മിൻസ് 15 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നേരത്തെ, 185 റൺസിന് ഒന്നാമിന്നിങ്സിൽ പുറത്തായ ഇന്ത്യ ആതിഥേയരായ ആസ്ട്രേലിയയെ 181 റൺസിലൊതുക്കി.

നാല് റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയപ്പോൾ മുൻനിരക്ക് പതിവുപോലെ മുട്ടിടിച്ചു. ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച ഋഷഭ് പന്തിന്റെ (33 പന്തിൽ 61) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 100 കടത്തിയത്.

Tags:    
News Summary - India vs Australia 5th Test: Australia Win By 6 Wickets, Secure WTC Final Berth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.