ടോകിയോ: മലേഷ്യൻ മാസ്റ്റേഴ്സ് കിരീടം മാറോടുചേർത്ത ആഘോഷവുമായി വാനിൽ വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയെത്തിയ ദുരന്തം ഇന്നുമുണ്ട് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരത്തിന്‍റെ ഹൃദയത്തിൽ. ഡ്രൈവർ മരണത്തിന് കീഴടങ്ങിയ ദുരന്തത്തിൽ മൊമോട്ടക്കും സഹയാത്രികർക്കും നിസാര പരിക്കുകളേ പറ്റിയിരുന്നുള്ളൂ. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞ് പരിശീലനത്തിന് വീണ്ടും കോർട്ടിലെത്തിയപ്പോഴാണ് ഇരട്ടക്കാഴ്ചയായി കണ്ണ് പണി പറ്റിക്കുന്നത് മനസ്സിലായത്. കണ്ണിൽ ശസ്ത്രക്രിയ അത്യാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ മറ്റെല്ലാം മറന്ന് കൺകുഴി തുറന്ന് പ്രശ്നം പരിഹരിക്കാൻ 26 കാരനായ താരം ആശുപത്രിയിലെത്തി. മൂക്കിനും പ്രശ്നങ്ങൾ പറ്റിയിരുന്നു.
അപകടം ജീവിതം സമ്പൂർണമായി മാറ്റിമറിച്ചെന്ന് പറയുന്നു, മൊമോട്ട. കളിയോടു വിട പറയേണ്ടിവരുമെന്ന് തോന്നിയില്ലെങ്കിലും ഇനിയും പ്രഫഷനൽ ബാഡ്മിന്റൺ കളിക്കാനാവുമോ എന്ന ആധി പിന്നാലെ കൂടി. മാസങ്ങൾ കഴിഞ്ഞ് കളിക്കാൻ ഡോക്ടർമാർ അനുമതി നൽകിയെങ്കിലും ഇത്തവണ വില്ലനായത് കൊറോണവൈറസ്. കളി പിന്നെയും നീണ്ടു.
2016ലെ റയോ ഒളിമ്പിക്സിനു മുമ്പ് സംഭവിച്ചതിൽനിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. ജപ്പാനിൽ നിഷിദ്ധമായ കാസിനോ സന്ദർശനവും ചൂതാട്ടവുമായിരുന്നു അന്ന് തടസ്സമായതെങ്കിൽ ഇത്തവണ കാരണം തന്‍റെതായിരുന്നില്ല. വൈകിയാണെങ്കിലും ഒടുവിൽ തിരിച്ചെത്താനായത് മാത്രമാണ് മൊമോട്ടക്ക് ഏക ആശ്വാസം. പക്ഷേ, ഇനി പഴയ ഫോം വീണ്ടെടുക്കാനാവുമോ എന്നാണ് വേട്ടയാടുന്ന വലിയ ചോദ്യം.
അപകടത്തിന്‍റെ ഏകദേശം പ്രശ്നങ്ങളും അവസാനിച്ചിട്ടുണ്ടെങ്കിലും മാനസികമായി ചില വ്യഥകൾ വേട്ടയാടുന്നതായി താരം പറയുന്നു. 10 വർഷം മുമ്പ് ഇതുപോലൊരു മാർച്ച് മാസത്തിൽ ജപ്പാൻ നഗരമായ ഫുകുഷിമയിൽ ആഞ്ഞടിച്ച സൂനാമിയും പിന്നാലെയെത്തിയ ഡെയ്ചി ആണവ നിലയ തകർച്ചയും മനസ്സിൽ ഇപ്പോഴുമുണ്ട്. അതുകഴിഞ്ഞ് അപകടം കൂടിയായതോടെ കാര്യങ്ങൾ കുഴമറിയുമോ എന്നാണ് പേടി.
ബുധനാഴ്ച തുടങ്ങുന്ന ഓൾ ഇംഗ്ലണ്ട് ഓപണിൽ തുടക്കം കുറിച്ച് പതിയെ ഒളിമ്പിക് കിരീടം മാറോടുചേർക്കാൻ മനസ്സും ശരീരവും പാകപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയുടെ കശ്യപിനെതിരെയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.