കോഴിക്കോട്: ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബായ്) നോക്കുകൂലിക്ക് സമാനമായ രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചത് വിവാദമാകുന്നു. ഷട്ടിൽ ബാഡ്മിന്റൺ കളിക്കാരുടെ സംഘടനയായ ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് 500 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ് 3000 രൂപയായി ഉയർത്തിയത്. രണ്ട് വർഷം മുമ്പ് 100ൽ നിന്ന് 500 ആക്കിയതായിരുന്നു.
അഖിലേന്ത്യ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കളിക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ള സംഘടനയായ ബാൻഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഐ.ഡി വേണ്ടതിനാൽ അംഗത്വത്തിന് എല്ലാ കളിക്കാരും നിർബന്ധിതരാവുകയാണ്. ഐ.ഡി അസോസിയേഷൻ അംഗത്വം തന്നെയാണെങ്കിലും കളിക്കാർക്ക് ജനറൽ ബോഡിയിൽ വോട്ടവകാശമൊന്നുമില്ല.
ഇനിമുതൽ ഐ.ഡി പുതുക്കാൻ എല്ലാവർഷവും 1000 രൂപ ഫീസ് നൽകണം. ബാഡ്മിൻറൺ പ്രോത്സാഹനത്തിന് വിലങ്ങുതടിയാവുകയാണ് ഇരുതീരുമാനങ്ങളെന്നും പരാതി ഉയർന്നു. ഐ.ഡി കൊണ്ട് കളിക്കാർക്ക് കാര്യമായ ഗുണമൊന്നും ഇല്ലെന്നാണ് വിലയിരുത്തൽ. ടൂർണമെന്റുകൾ നടത്തുന്നത് സംസ്ഥാന, ജില്ല അസോസിയേഷനുകളാണ്. കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കണമെങ്കിൽ ടൂർണമെന്റ് കമ്മിറ്റിക്ക് എൻട്രി ഫീസ് നൽകുകയും വേണം. അതുകൊണ്ടുതന്നെ രജിസ്ട്രേഷൻ ഫീസ് ഒരുതരത്തിൽ നോക്കുകൂലിയായി മാറുകയാണെന്നാണ് കളിക്കാരും സംഘടന ഭാരവാഹികളും പറയുന്നത്. ഈ ചൂഷണം മറ്റ് സ്പോട്സ് അസോസിയേഷനുകളിലൊന്നുമില്ല. വർഷം ലക്ഷക്കണക്കിന് രൂപയാണ് ഫീസ് ഇനത്തിൽ ലഭിക്കുന്നത്.
അസോസിയേഷന്റെ അനുമതിയില്ലാതെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റുകളും മത്സരങ്ങളും നടത്താൻ കഴിയില്ല. അനുമതിയില്ലാതെ ടൂർണമെന്റ് നടത്തിയാൽ അനധികൃത ടൂർണമെന്റായി കണക്കാക്കി പങ്കെടുക്കുന്നവരെ വിലക്കുകയും ചെയ്യും. വിദ്യാർഥികളെയും മുതിർന്ന പൗരന്മാരെയും രജിസ്ട്രേഷൻ ഫീസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർത്തി സംഘടനകൾ പ്രമേയം പാസാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.