ഒസാക: ജപ്പാൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സിംഗ്ൾസ്, ഡബ്ൾസ് താരങ്ങൾ കൂട്ടത്തോൽവി ഏറ്റുവാങ്ങിയപ്പോൾ ആശ്വാസമായി കിഡംബി ശ്രീകാന്തിന്റെ ജയം. പുരുഷ സിംഗ്ൾസിൽ മലേഷ്യയുടെ ലീ സീ ജിയയെ 22-20, 23-21 സ്കോറിനാണ് ആദ്യ റൗണ്ടിൽ ശ്രീകാന്ത് വീഴ്ത്തിയത്.
അതേസമയം, കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ലക്ഷ്യ സെൻ, ഒളിമ്പ്യൻ സൈന നെഹ് വാൾ എന്നിവരും പുരുഷ, വനിത, മിക്സഡ് ഡബ്ൾസ് സഖ്യങ്ങളും തോറ്റുമടങ്ങി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് 21-18, 14-21, 13-21നാണ് ലക്ഷ്യ മുട്ടുമടക്കിയത്. സൈന 9-21, 17-21ന് ലോക ചാമ്പ്യൻ ജപ്പാന്റെ അകാനേ യമാഗുച്ചിയോട് തോറ്റു.മലയാളിയായ എം.ആർ. അർജുനും ധ്രുവ് കപിലയും ചേർന്ന സഖ്യം കൊറിയയുടെ ചോയ് സോൾ ഗ്യൂ-കിം വോൺ ഹോ കൂട്ടുകെട്ടിനോട് 21-19, 21-23, 15-21നാണ് പുരുഷ ഡബ്ൾസിൽ വീണത്.
വനിത ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് ടീം 17-21, 18-21ന് തായ് ലൻഡിന്റെ ജോങ്കോൽഫൻ കിറ്റിതരാകുൽ-റാവിൻഡ പ്രജോങ്ജായ് ജോടിയോട് തോൽവി സമ്മതിച്ചു. മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ജൂഹി ദേവാൻഗൻ-വെങ്കട്ട് ഗൗരവ് സഖ്യം 11-21, 10-21ന് ചൈനയുടെ ഴെങ് സീ വെയ്-ഹുയാങ് യാ ക്യോങ് കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു. മറ്റൊരു മലയാളിതാരം എച്ച്.എസ്. പ്രണോയ് കഴിഞ്ഞ ദിവസം പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.