ക്വാലാലംപുർ: മലേഷ്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധുവും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
തോമസ് കപ്പ് ഹീറോയായ പ്രണോയ്, പുരുഷ സിംഗ്ൾസിൽ ലോക നാലാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ ചൂ ടീൻ ചെനിനെയാണ് തോൽപിച്ചത്. 21-15, 21-7 സ്കോറിൽ ആധികാരിക ജയം നേടാൻ പ്രണോയിക്കായി. ഇന്തോനേഷ്യ ഓപണിൽ സെമിഫൈനൽ കളിച്ച ശേഷമെത്തിയ പ്രണോയ്, ചൂ ടീൻ ചെനിനെതിരെ രണ്ട് ഗെയിമിലും പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഏകപക്ഷീയമായി മുന്നേറി.
ഏഴാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് ലോക 21ാം നമ്പറുകാരന്റെ അടുത്ത എതിരാളി. ഇതുവരെ എട്ട് മത്സരങ്ങളിലും പ്രണോയിയും ക്രിസ്റ്റിയും മുഖാമുഖം വന്നു. അഞ്ചിൽ ക്രിസ്റ്റിയും മൂന്നെണ്ണത്തിൽ പ്രണോയിയും ജയിച്ചു. വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിലെ ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാടി തായ്ലൻഡ് യുവതാരം ഫിറ്റായാപോൺ ചായ്വാനോട് പരാജയം സമ്മതിച്ച ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. സ്കോർ: 19-21 21-9 21-14. െചെനീസ് തായ്പേയിയുടെ തായ് സു യിങ് ആണ് ക്വാർട്ടറിൽ സിന്ധുവിന്റെ പ്രതിയോഗി. ഇരുവരും 20 തവണ ഏറ്റുമുട്ടിയപ്പോൾ 15ലും തോൽവിയായിരുന്നു ഇന്ത്യക്കാരിക്ക്.
അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ പി. കശ്യപ് ക്വാർട്ടർ കാണാതെ മടങ്ങി. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ തായ്ലൻഡിന്റെ കുൻലാവുറ്റ് വിടിഡ്സാണിനോട് 19-21 10-21നായിരുന്നു വീഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.